പുനലൂര്‍ കൊല : പ്രതിപക്ഷം ഇറങ്ങിപ്പോയി
തിരുവനന്തപുരം : എന്‍ഡിഎഫും ആര്‍എസ്എസുമടക്കമുളള വര്‍ഗീയ സംഘടനകള്‍ സംസ്ഥാനത്ത് അക്രമം അഴിച്ചു വിടുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി.
പുനലൂരില്‍ സിപിഎം നേതാവിനെ എന്‍ഡിഎഫുകാര്‍ വെട്ടിക്കൊന്ന സംഭവം സഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം സഭ വിട്ടത്.
സിപിഎം ഉപനേതാവ് കോടിയേരി ബാലകൃഷ്ണനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സംസ്ഥാനത്ത് തീവ്രവാദികളുടെ കൊലക്കത്തിയ്ക്കിരയാകുന്ന ഏറ്റവും ഒടുവിലത്തെ പൊതുപ്രവര്‍ത്തകനാണ് കൊല ചെയ്യപ്പെട്ട ഷെരീഫെന്ന് കോടിയേരി പറഞ്ഞു.
ഷെരീഫിനെ ഒരു സംഘം എന്‍ഡിഎഫുകാര്‍ വെട്ടിക്കൊന്നതാണെന്ന് മുഖ്യമന്ത്രിയ്ക്കു വേണ്ടി മറുപടി പറഞ്ഞ ധനമന്ത്രി കെ. ശങ്കരനാരായണന്‍ സമ്മതിച്ചു. വീട്ടില്‍ അതിക്രമിച്ചു കയറിയ കൊലയാളികള്‍ ബോംബെറിഞ്ഞ് ഭീകരാവസ്ഥ സൃഷ്ടിച്ച ശേഷം ഷെരീഫിനെ വെട്ടി. ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകവെ ഇയാള്‍ മരിച്ചു.
സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും പ്രതികളെ ഉടന്‍ അറസ്റു ചെയ്യുമെന്നുമുളള മന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അവതരാണാനുമതി നിഷേധിച്ചു. തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.












Click it and Unblock the Notifications