Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭരണഘടന മാറ്റരുതെന്ന് നാരായണന്‍

ദില്ലി : ഭരണഘടനയില്‍ ഒരു തരത്തിലുളള മാറ്റവും പാടില്ലെന്ന് രാഷ്ട്രപതി കെ. ആര്‍. നാരായണന്‍.

ഏതെങ്കിലും പ്രത്യേകകാര്യത്തിനായുള്ള മാറ്റങ്ങളോ ആകെയുളള പൊളിച്ചെഴുത്തോ ഇന്ത്യയുടെ ഭരണഘടനയ്ക്ക് ആവശ്യമില്ലെന്ന് ദി വീക്ക് വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. അടുത്ത ആഴ്ചയാണ് കെ. ആര്‍. നാരായണന്‍ രാഷ്ട്രപതി സ്ഥാനമൊഴിയുന്നത്.

കുത്തഴിഞ്ഞ ഭരണ സംവിധാനം പലേടത്തും കാണാന്‍ കഴിഞ്ഞേയ്ക്കാം. എന്നാല്‍ അടിസ്ഥാനപരമായി ഇന്ത്യന്‍ ഭരണഘടന ആരോഗ്യകരവും പ്രവര്‍ത്തനോന്മുഖവുമാണെന്ന് നാരായണന്‍ അഭിപ്രായപ്പെട്ടു.

ഭരണഘടനാ പുനരവലോകത്തെപ്പറ്റി പ്രധാനമന്ത്രി വാജ്പേയിയുമായി തനിക്ക് അഭിപ്രായവ്യത്യാസമുണ്ടായിരുന്നെന്ന റിപ്പോര്‍ട്ടുകള്‍ നാരായണന്‍ നിഷേധിച്ചു. തങ്ങള്‍ക്കിടയില്‍ യാതൊരു സംഘര്‍ഷവുമില്ലായിരുന്നു. വാജ്പേയിയ്ക്കും തന്നെപ്പറ്റി പരാതികളുണ്ടായിരുന്നില്ലെന്ന് നാരായണന്‍ പറഞ്ഞു.

പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ തനിക്ക് ആഗ്രഹമുണ്ടായിരുന്നില്ല. എന്നാല്‍ എല്ലാ രാഷ്ട്രീയ കക്ഷികളും ഒന്നിച്ച് ആവശ്യപ്പെട്ടിരുന്നെങ്കില്‍ അക്കാര്യം ആലോചിക്കുമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

ലോകത്തെ അതുല്യമായ ഭരണഘടനയാണ് നമ്മുടേത്. ഒരുപക്ഷേ ലോകത്തെ ഏറ്റവും മികച്ച ഭരണഘടന. ദുര്‍ഘടമായ പല പ്രശ്നങ്ങള്‍ക്കും ഇതില്‍ ഉത്തരമില്ലെന്ന് ആരോപിക്കാം. എന്നാല്‍ ഈ ഭരണഘടന അപ്പാടെ പൊളിച്ചെഴുതേണ്ട ഒരാവശ്യവും ഇല്ലെന്ന് നാരായണന്‍ പറഞ്ഞു.

സാമാന്യബുദ്ധിയും പ്രതികരണ ശേഷിയുമുളള ജനങ്ങളാണ് ഇന്ത്യയിലുളളതെന്ന് പിന്നിലേയ്ക്ക് തിരിഞ്ഞു നോക്കവെ നാരായണന്‍ പറഞ്ഞു. അനുക്രമമായി വികസിക്കുകയാണ് ഇന്ത്യന്‍ റിപ്പബ്ലിക്. കുത്തഴിഞ്ഞ പല മേഖലകളും നിങ്ങള്‍ക്ക് ചൂണ്ടിക്കാണിക്കാനാകും. എങ്കിലും അടിസ്ഥാനപരമായി ആരോഗ്യകരവും പ്രവര്‍ത്തനക്ഷമവുമായ ഭരണഘടനയാണ് ഇന്ത്യയ്ക്കുളളതെന്ന് നാരായണന്‍ ചൂണ്ടിക്കാട്ടി.

റിപ്പബ്ലിക് ദിന സുവര്‍ണ്ണ ജൂബിലിയിലെ പ്രസംഗവിവാദം മനപൂര്‍വമായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടനാ പുനരവലോകനത്തെ കുറിച്ചായിരിക്കും പ്രധാനമന്ത്രി പ്രസംഗിക്കുന്നതെന്ന് മുന്‍കൂട്ടി അറിഞ്ഞിരുന്നില്ല. തന്റെ പ്രസംഗം മുന്‍കൂട്ടി തയ്യാറാക്കിയിരുന്നതാണ്.

ഭരണഘടന പൊളിച്ചെഴുതരുതെന്ന ജനങ്ങളുടെ അഭിപ്രായമാണ് തന്റെ പ്രസംഗത്തിന്റെ അടിസ്ഥാനം. പ്രധാനമന്ത്രിയ്ക്കു ശേഷമായിരുന്നു തനിക്ക് പ്രസംഗിക്കേണ്ടി വന്നത്. അദ്ദേഹത്തിന്റെ ആശയങ്ങളില്‍ നിന്നും ഭിന്നമായ അഭിപ്രായമാണ് താന്‍ പറഞ്ഞത്. അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ തൊട്ടു പിന്നാലെ എന്റെ എതിരഭിപ്രായം വന്നതിനാല്‍ താന്‍ അദ്ദേഹത്തെ എതിര്‍ക്കുകയാണെന്ന ധാരണ പരന്നതാണെന്ന് നാരായണന്‍ വ്യക്തമാക്കി.

1999 ല്‍ വാജ്പേയി മന്ത്രിസഭയ്ക്ക് ഭൂരിപക്ഷ നഷ്ടമായ കാലത്താണ് താന്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധി അനുഭവിച്ചതെന്ന് നാരായണന്‍ പറഞ്ഞു. അന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയ്ക്ക് താന്‍ കൂടുതല്‍ സമയം അനുവദിച്ചതായി ചില മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത് ശരിയല്ല. പ്രത്യേക പരിഗണനയൊന്നും അവര്‍ക്ക് നല്‍കിയില്ല. ഭൂരിപക്ഷത്തില്‍ രണ്ടാം സ്ഥാനമുളള കക്ഷിയുടെ നേതാവെന്ന നിലയില്‍ അവരെ ക്ഷണിച്ചെന്നേയുളളൂ- നാരായണന്‍ വ്യക്തമാക്കി.

പുതിയ മന്ത്രിസഭയുണ്ടാക്കാന്‍ സാധ്യമായതെല്ലാം ചെയ്തെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ടായിരുന്നു. അതിനാല്‍ എല്ലാ പ്രതിപക്ഷ നേതാക്കളോടും ചര്‍ച്ച ചെയ്ത ശേഷമാണ് തീരുമാനമെടുത്തത്. ഇടക്കാല തിരഞ്ഞെടുപ്പ് ഏതു വിധേനെയും ഒഴിവാക്കാന്‍ ആവുന്നതെല്ലാം ചെയ്തെന്ന് നാരായണന്‍ പറഞ്ഞു.

മറ്റു മുന്നണികള്‍ക്ക് ഭൂരിപക്ഷം ഇല്ലാതെ വന്നാല്‍, ഭൂരിപക്ഷം തെളിയിക്കാമെന്ന് ഉറപ്പുണ്ടെങ്കില്‍ വീണ്ടും ക്ഷണിക്കാമെന്ന് താന്‍ വാജ്പേയിയ്ക്ക് ഉറപ്പു നല്‍കിയിരുന്നതായും നാരായണന്‍ വെളിപ്പെടുത്തി. അധിക പിന്തുണ ഉറപ്പു വരുത്തിയാല്‍ ബിജെപിയെ വീണ്ടും ക്ഷണിക്കാമെന്ന് അവരുടെ സഖ്യകക്ഷികള്‍ക്കും ഉറപ്പു നല്‍കിയിരുന്നു.

മന്ത്രിസഭയുണ്ടാക്കാനുളള പ്രതിപക്ഷം ശ്രമം പരാജയപ്പെട്ടപ്പോള്‍ പിന്തുണയില്‍ വര്‍ദ്ധനയുണ്ടോയെന്ന് വീണ്ടും വാജ്പേയിയോട് ചോദിച്ചു. ഇല്ലെന്ന് അദ്ദേഹം പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ലോക്സഭ പിരിച്ചു വിട്ട് ഇടക്കാല തിരഞ്ഞെടുപ്പിന് തയ്യാറായത്.

വാജ്പേയിയുമായി യാതൊരു അഭിപ്രായവ്യത്യാസവും ഉണ്ടായിരുന്നില്ലെന്ന് നാരായണന്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി.

വിപുലമായ ഉത്തരവാദിത്വമുള്ളതും രാജ്യതാല്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടതുമായ ജോലിയായിരുന്നു ഇത്. പൊഖ്റാന്‍ ആണവപരീക്ഷണത്തിന് ശേഷം, ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ ഉദ്ദേശലക്ഷ്യങ്ങളെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറ്റാന്‍ കഴിഞ്ഞതായി തനിക്ക് കഴിഞ്ഞെന്നും നാരായണന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+