ഫിഷറീസ്, ടൂറിസം പദ്ധതികള്‍ക്ക് സഹായം
ദില്ലി: കേരളത്തിലെ ഫിഷറീസ്, ടൂറിസം പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ 3.25 കോടി രൂപ അനുവദിച്ചു. തിരുവനന്തപുരത്തെ മുതലക്കുഴി, കണ്ണൂര്‍, കോഴിക്കോട്ടെ തിക്കോടി, തിരുവല്ലയിലെ കടപ്ര എന്നീ ഫിഷറീസ് പദ്ധതികള്‍ക്ക് കേന്ദ്രസഹായം ലഭിച്ചു.
മലബാര്‍ വിനോദസഞ്ചാരമേള, നെഹ്രു ട്രോഫി വള്ളംകളി, തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലെ സാംസ്കാരിക പരിപാടി, ഓണാഘോഷം എന്നിവയ്ക്ക് പത്തു ലക്ഷം രൂപ വീതം അനുവദിച്ചു. ഒക്ടോബറില്‍ കൊച്ചിയില്‍ നടക്കുന്ന ബോട്ട് ഷോയ്ക്ക് 25 ലക്ഷം രൂപ ലഭിക്കും. തോട്ടപ്പള്ളി, കൊയിലാണ്ടി, തലായ്, കാസര്‍കോട്, അര്‍ത്തുങ്കല്‍, ചേറ്റുവ, ചെറുവത്തൂര്‍-നീലേശ്വരം എന്നിവിടങ്ങളില്‍ മത്സ്യബന്ധന തുറമുഖങ്ങള്‍ സ്ഥാപിക്കും.
ഒന്‍പത് ചെറു മത്സ്യബന്ധന തുറമുഖങ്ങള്‍, 12 ഫിഷ് ലാന്റിംഗ് കേന്ദ്രങ്ങള്‍ എന്നിവയും സ്ഥാപിക്കും. ദേശീയ മത്സ്യത്തൊഴിലാളി ക്ഷേമപദ്ധതി പ്രകാരം 40,000 രൂപ വീതം ചെലവിട്ട് 100 വീടുകള്‍ നിര്‍മ്മിക്കുന്ന പദ്ധതിയ്ക്കും അംഗീകാരം കിട്ടി. മത്സ്യബന്ധന തുറമുഖങ്ങളിലെ ശുചീകരണ സൗകര്യം വര്‍ധിപ്പിക്കാനുള്ള പദ്ധതിയ്ക്ക് 18 കോടി രൂപ ചെലവ് വരും.
മത്സ്യബന്ധന തുറമുഖങ്ങളിലെ മണ്ണുനീക്കാനായി കേരളത്തിന് ഒരു മണ്ണുമാന്തി കപ്പല്‍ ലഭിക്കും. മണ്ണ് നീക്കാന്‍ വരുന്ന ചെലവിന്റെ 50 ശതമാനം കേന്ദ്രം നല്കും.












Click it and Unblock the Notifications