സ്വാമിയുടെ മരണം : ദുരൂഹത തുടരുന്നു
കൊച്ചി : സ്വാമി ശാശ്വതീകാനന്ദയുടെ മരണ സമയത്ത് ഒപ്പമുണ്ടായിരുന്ന സാബുവിനെ ആലുവ പൊലീസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തു.
സ്വാമിയുടെ മരണം വിവാദമായതിനെ തുടര്‍ന്ന് സാബുവിനെ ചോദ്യം ചെയ്യാന്‍ ഒട്ടേറെ തവണ പൊലീസ് ശ്രമിച്ചിട്ടും മഠാധികാരികള്‍ അനുവദിച്ചില്ല. ശാശ്വതീകാനന്ദയുടെ മരണം സാബുവിന്റെ സമനില തെറ്റിച്ചുവെന്നും ചികിത്സയിലാണെന്നും പറഞ്ഞാണ് അനുമതി നിഷേധിച്ചത്. സാബുവിനെ കാണാനാകാതെ രണ്ടു വട്ടം അന്വേഷണ സംഘത്തിന് ശിവഗിരിയില്‍ നിന്നും മടങ്ങേണ്ടി വന്നു.
സ്വാമിയുടെ മരണം സംബന്ധിച്ച് അമ്മയ്ക്കും സഹോദരങ്ങള്‍ക്കുമാണ് പരാതിയും സംശയവുമുളളത്. മുങ്ങി മരണം പോസ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ശരിവയ്ക്കുന്നുണ്ടെങ്കിലും അത് വിശ്വസിയ്ക്കാന്‍ ബന്ധുക്കള്‍ തയ്യാറല്ല.
ദൃക്സാക്ഷിയായിരുന്ന സാബുവിനെ സംഭവത്തിനു ശേഷം ഒളിപ്പിക്കാന്‍ ശ്രമിച്ചത് ഏറെ ദുരൂഹതയുണര്‍ത്തി. സാബു എവിടെയുണ്ടെന്നോ എപ്പോള്‍ കാണാനാകുമെന്നോ പൊലീസിനോട് വെളിപ്പെടുത്താന്‍ ആശ്രമം അധികൃതര്‍ മടിച്ചു. മനോനില തെറ്റിയ സാബുവിനെ കാണാനും ചോദ്യം ചെയ്യാനും അനുവദിക്കില്ലെന്നായിരുന്നു അവരുടെ നിലപാട്.
മൃതദേഹത്തിന്റെ ആന്തരാവയവ പരിശോധനാ റിപ്പോര്‍ട്ട് കിട്ടാന്‍ കാത്തിരിക്കുകയാണ് പൊലീസ്. പിന്നീട് സാബുവിനെ ചോദ്യം ചെയ്തെങ്കിലും കൂടുതല്‍ വിവരങ്ങളൊന്നും കിട്ടിയില്ലെന്നറിയുന്നു.


Click it and Unblock the Notifications