സത്യസായി സമ്മേളനം തുടങ്ങി
പുട്ടപ്പര്‍ത്തി: ശ്രീ സത്യസായി അന്താരാഷ്ട്ര സമ്മേളനം പുട്ടപ്പര്‍ത്തിയില്‍ തുടങ്ങി. സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ട് ജൂലായ് 21 ഞായറാഴ്ച പുഷ്പകമാനങ്ങളാല്‍ അലംകൃതമായ സായികുല്‍വന്ത് സഭാ മണ്ഡപത്തില്‍ സത്യസായി ബാബ ജ്യോതി കൊളുത്തി.
ലോകമെങ്ങും ജീവിതരംഗം മലിനമായതിനാല്‍ വാക്കില്‍ വിശുദ്ധിയും കര്‍മ്മത്തില്‍ ത്യാഗവും വിചാരത്തില്‍ ധര്‍മ്മവുമുണ്ടായിരിക്കണമെന്ന് ബാബ ആഹ്വാനം ചെയ്തു. സന്മനസ്സും സല്‍സ്വഭാവവും ത്യാഗബോധവുമാണ് സായിപ്രീതി ലഭിക്കുവാന്‍ അനിവാര്യമെന്നും സത്യസായി ബാബ പറഞ്ഞു. സ്വയം ബഹുമാനവും ആത്മവിശ്വാസവും ഉണ്ടെങ്കില്‍ മാത്രമേ അന്യരെ ബഹുമാനിക്കാന്‍ കഴിയുകയുള്ളൂ. എല്ലാ മനുഷ്യരിലും ദിവ്യതയുണ്ടെന്നും ആ ദിവ്യതയെ സേവിക്കലാണ് മനുഷ്യധര്‍മ്മമെന്നും ബാബ പറഞ്ഞു.
നേരത്തെ വിദ്യാര്‍ത്ഥികള്‍ വേദപ്രാര്‍ത്ഥന നടത്തിയിരുന്നു. ഇരുന്നൂറ് ഗായകര്‍ ചേര്‍ന്ന് സമ്മേളനത്തിന്റെ അവതരണഗാനം ആലപിച്ചു. സത്യസായി സേവാസംഘടനയുടെ അഖിലേന്ത്യാപ്രസിഡന്റ് വി. ശ്രീനിവാസന്‍ സ്വാഗതം പറഞ്ഞു. 165 രാജ്യങ്ങളിലെ 2,400 സെന്ററുകളില്‍ നിന്നെത്തിയ പ്രതിനിധികള്‍ സമ്മേളനത്തില്‍ സംബന്ധിക്കുന്നുണ്ട്. അനന്ത്പൂര്‍ ജില്ലയിലെ ഗ്രാമസേവനപ്രവര്‍ത്തനങ്ങളുടെ അനുഭവങ്ങള്‍ ശ്രീസത്യസായി യൂണിവേഴ്സിറ്റിയിലെ പ്രൊഫ. രംഗനാഥന്‍, ഡോ. സ്വാമിനാഥ്, ദീപക് ആനന്ദ്, എന്‍.ബി. വിനീത്, കൃഷ്ണാരാജഗോപാല്‍, അമിത് അഹൂജ എന്നിവര്‍ വിശദീകരിച്ചു.
പൂര്‍ണ്ണചന്ദ്രാ ഓഡിറ്റോറിയത്തില്‍ നടന്ന പ്രതിനിധി സമ്മേളനത്തില്‍ അമേരിക്കയില്‍ നിന്നുള്ള ഡോ. അല്‍ഡ്രക്കര്‍, വൃന്ദാവന്‍ വാര്‍ഡന്‍ നരസിംഹമൂര്‍ത്തി എന്നിവര്‍ സംസാരിച്ചു.












Click it and Unblock the Notifications