പമ്പ ആക്ഷന്‍ പ്ലാന്‍ മൂന്ന് ഘട്ടമായി
പത്തനംതിട്ട: പമ്പ ആക്ഷന്‍ പ്ലാന്‍ കേന്ദ്രസര്‍ക്കാര്‍ മൂന്ന് ഘട്ടങ്ങളിലായി നടപ്പാക്കും. പമ്പ നദിയിലെ മലിനീകരണം തടയുന്നതിനും നദീതീര പട്ടണങ്ങള്‍ വികസിപ്പിക്കുന്നതിനും 272 കോടിയുടെ പദ്ധതിയാണ് നടപ്പിലാക്കുന്നത്.
വന്‍ സാമ്പത്തിക ബാധ്യത കണക്കിലെടുത്താണ് പദ്ധതി മൂന്ന് ഘട്ടമായി നടപ്പിലാക്കുന്നതെന്ന് രമേശ് ചെന്നിത്തല എം പി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ദേശീയ നദീ സംരക്ഷണ ഡയറക്ടറേറ്റ് ഉപദേശകന്‍ ആര്‍. പി. ശര്‍മ കേരള വാട്ടര്‍ അതോറിറ്റി ചെയര്‍മാനുമായും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് അധികൃതരുമായും പദ്ധതി സംബന്ധിച്ച് ജൂലായ് 20 ശനിയാഴ്ച ചര്‍ച്ച നടത്തി.
പദ്ധതി വേഗത്തില്‍ നടപ്പിലാക്കുന്നതിനായി 30 ശതമാനം സംസ്ഥാന സര്‍ക്കാര്‍ നല്‍കാമെന്ന് അറിയിച്ചിട്ടുണ്ടെന്ന് ചെന്നിത്തല പറഞ്ഞു.
ആദ്യഘട്ട പദ്ധതിയുടെ വിശദമായ റിപ്പോര്‍ട്ട് ഓഗസ്ത് 31ന് മുമ്പ് സമര്‍പ്പിക്കാന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം കേരള വാട്ടര്‍ അതോറിറ്റിയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആദ്യഘട്ട വികസനം ശബരിമല, പമ്പ, നിലയ്ക്കല്‍, വടശേരിക്കര എന്നിവ കേന്ദ്രീകരിച്ചാണ്. 35 കോടിയാണ് ആദ്യഘട്ടത്തില്‍ ചെലവിടുന്നത്. ഡിസംബറില്‍ ആദ്യഘട്ട പ്രവര്‍ത്തനം ആരംഭിക്കും. സപ്തംബറോടെ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയ്ക്ക് അനുമതി നല്‍കുമെന്നാണ് പ്രതീഷിക്കുന്നത്.
രണ്ടാം ഘട്ടത്തില്‍ റാന്നി, കോഴഞ്ചേരി, ആറന്മുള പ്രദേശങ്ങളിലാണ് വികസന പ്രവര്‍ത്തനം നടത്തുന്നത്. മൂന്നാം ഘട്ടത്തില്‍ ചെങ്ങന്നൂര്‍, മാന്നാര്‍, എടത്വ പ്രദേശങ്ങളെ ഉള്‍പ്പെടുത്തിയിരിക്കുന്നു.
പദ്ധതിയ്ക്ക് വിദേശ നിക്ഷേപം ലഭിക്കുന്നതിനുള്ള സാധ്യത കേന്ദ്ര സര്‍ക്കാര്‍ കണക്കിലെടുക്കുന്നുണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.












Click it and Unblock the Notifications