കേരളം കേന്ദ്രത്തോട് വൈദ്യുതി ആവശ്യപ്പെടും
ദില്ലി: സംസ്ഥാന വൈദ്യുത മന്ത്രി കടവൂര്‍ ശിവദാസനും സംഘവും കേന്ദ്ര ഊര്‍ജ മന്ത്രി സുരേഷ് പ്രഭുവിനെ കണ്ട് കേന്ദ്രത്തില്‍ നിന്നും കൂടുതല്‍ വൈദ്യുതി അനുവദിക്കണമെന്ന് ആവശ്യപ്പെടും.
കേരളത്തിലെ റിസര്‍വോയറുകളില്‍ വെള്ളം തീരെ കുറഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തില്‍ നിന്ന് അടിയന്തിര സഹായം തേടുന്നത്. ജൂലായ് 23 ചൊവാഴ്ച മന്ത്രിയും കെ എസ് ഇ ബി ചെയര്‍മാന്‍ ടി. എം. മനോഹരനും മറ്റ് ഉദ്യോഗസ്ഥരും കേന്ദ്രമന്ത്രിയെ കണ്ട് കേരളത്തിന്റെ ആവശ്യം ഉന്നയിക്കും.
450 മെഗാവാട്ട് അധിക വൈദ്യുതി കേരളത്തിന് അനുവദിക്കണമെന്നാണ് സംഘം കേന്ദ്രമന്ത്രിയോട് ആവശ്യപ്പെടുക. ഒറീസയിലെ തല്‍ചാര്‍ പ്ലാന്റില്‍ നിന്ന് 250 മെഗാവാട്ടും ഈസ്റേണ്‍ പവര്‍ ഗ്രിഡില്‍ നിന്ന് 100 മെഗാവാട്ടും കേന്ദ്ര പൂളില്‍ നിന്ന് 100 മെഗാവാട്ടും നല്‍കണമെന്നാണ് കേരളത്തിന്റെ ആവശ്യം. കേന്ദ്ര പൂളില്‍ നിന്നുള്ള 100 മെഗാവാട്ട് ഉടന്‍ നല്‍കാനും ബാക്കി 350 മെഗാവാട്ട് ഒക്ടോബറോടെ നല്‍കാനുമാണ് കേരളം ആവശ്യപ്പെടുക.
കേരളത്തിലെ വൈദ്യുതി മേഖല നേരിടുന്ന പ്രതിസന്ധി സംഘം കേന്ദ്രമന്ത്രിയെ ധരിപ്പിക്കും. 49.50 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള വെള്ളം മാത്രമേ ഇപ്പോള്‍ സംസ്ഥാനത്തെ റിസര്‍വോയറുകളിലുള്ളൂ. 28 ദിവസത്തേക്ക് മാത്രമേ ഈ വൈദ്യതി തികയൂ. ദുര്‍ബലമായ കാലവര്‍ഷമാണ് റിസര്‍വോയറുകളില്‍ വെള്ളം കുറയാന്‍ കാരണമായത്.












Click it and Unblock the Notifications