അധിക വൈദ്യുതി നല്‍കില്ലെന്ന് കേന്ദ്രം
ദില്ലി : കേന്ദ്രപൂളില്‍ നിന്നും 300 മെഗാവാട്ട് വൈദ്യുതി അടിയന്തരമായി അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം തളളി.
കായംകുളം താപനിലയത്തില്‍ നിന്നും കൂടുതല്‍ വൈദ്യുതി ഉപയോഗിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാനം താപ വൈദ്യുതിയ്ക്ക് ഏര്‍പ്പെടുത്തിയ വില്‍പന നികുതി കുറയ്ക്കുക, കേരളത്തിലെ വൈദ്യുത ചാര്‍ജ് വര്‍ദ്ധിപ്പിക്കുക എന്നീ നിര്‍ദ്ദേശങ്ങളും കേന്ദ്രം സംസ്ഥാന സര്‍ക്കാരിനു നല്‍കിയിട്ടുണ്ട്.
കേന്ദ്ര ഊര്‍ജ മന്ത്രി സുരേഷ്പ്രഭു, ഊര്‍ജ സെക്രട്ടറി ഷാഹിം എന്നിവരുമായി വൈദ്യുതി മന്ത്രി കടവൂര്‍ ശിവദാസന്‍, കെഎസ്ഇബി ചെയര്‍മാന്‍ ടി. എം. മനോഹരന്‍ എന്നിവര്‍ നടത്തിയ ചര്‍ച്ചയിലാണ് സംസ്ഥാനത്തിന്റെ ആവശ്യം പരിഗണിക്കാനാവില്ലെന്ന് കേന്ദ്രം അറിയിച്ചത്.
ജലസംഭരണകളിലെ നില പരിശോധിച്ച് താല്‍ക്കാലിക സഹായം ചെയ്യാനാവുമോ എന്ന കാര്യം പരിഗണിക്കാമെന്ന് മന്ത്രി സുരേഷ് പ്രഭു ഉറപ്പുനല്‍കി. പ്രതീക്ഷിച്ച തോതില്‍ മണ്‍സൂണ്‍ കാലവര്‍ഷം ഉണ്ടാകാത്തതു കാരണം സംസ്ഥാനം അതിരൂക്ഷമായ വൈദ്യുതി പ്രതിസന്ധി നേരിടുകയാണെന്ന് മന്ത്രി കടവൂര്‍ ശിവദാസന്‍ കേന്ദ്രത്തെ ധരിപ്പിച്ചു.
അണക്കെട്ടുകള്‍ വറ്റിത്തുടങ്ങുകയും കേരളം ഇരുട്ടിലേയ്ക്ക് നീങ്ങുകയും ചെയ്യുന്ന സാഹചര്യത്തില്‍ കിഴക്കന്‍ പൂളില്‍ നിന്നും 300 മെഗാവാട്ട് വൈദ്യുതി അനുവദിക്കണമെന്ന് കടവൂര്‍ ആവശ്യപ്പെട്ടു.
എന്നാല്‍ വരള്‍ച്ചയും വൈദ്യുതി പ്രതിസന്ധിയും രാജ്യമാകെ നേരിടുന്ന പ്രശ്നങ്ങളാണെന്നായിരുന്നു സുരേഷ് പ്രഭുവിന്റെ നിലപാട്. മറ്റു സംസ്ഥാനങ്ങളും കുറഞ്ഞ വിലയ്ക്ക് വൈദ്യുതി വേണമെന്ന് ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്.
ജലവൈദ്യുതിയെ അമിതമായി ആശ്രയിക്കുന്നതാണ് കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധിയ്ക്ക് കാരണം. താപവൈദ്യുതിയിലേയ്ക്ക് സംസ്ഥാനം മാറണം. സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വില്‍പന നികുതി ഉപേക്ഷിക്കുകയോ കുറയ്ക്കുകയോ ചെയ്താല്‍ കുറഞ്ഞ വിലയ്ക്ക് താപ വൈദ്യുതി വിതരണം ചെയ്യാനാകുമെന്നും സുരേഷ് പ്രഭു ചൂണ്ടിക്കാട്ടി.
വൈദ്യുത ചാര്‍ജ് വര്‍ധനയുള്‍പ്പെടെയുളള പരിഷ്ക്കാരങ്ങള്‍ സംസ്ഥാനം അടിയന്തരമായി നടപ്പാക്കണമെന്ന് ഊര്‍ജ സെക്രട്ടറി ഹാഷിം ആവശ്യപ്പെട്ടു.












Click it and Unblock the Notifications