കിഴക്കേ കോട്ട മോടിപിടിപ്പിക്കും
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് ചുറ്റുമുള്ള കോട്ടയുടെ ഭിത്തികള്‍ മോടിപിടിപ്പിക്കും. രണ്ട് കോടിയുടെ ഒരു പദ്ധതിയാണ് ഇതിനായി പുരാവസ്തു വകുപ്പ് തയ്യാറാക്കിയിരിക്കുന്നത്.
ആഗസ്ത് ആദ്യവാരത്തോടെ മോടിപിടിപ്പിക്കല്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ഒരു വര്‍ഷത്തിനുള്ളില്‍ ഇത് പൂര്‍ത്തിയാവുമെന്നാണ് കരുതുന്നത്. പൈതൃക സംരക്ഷണ പദ്ധതിയുടെ കീഴില്‍ കേന്ദ്ര സര്‍ക്കാരാണ് മോടിപിടിപ്പിക്കല്‍ ജോലികള്‍ക്കുള്ളപണം നല്‍കുന്നത്.
സാംസ്കാരിക സെക്രട്ടറി, വിനോദസഞ്ചാര സെക്രട്ടറി, പുരാവസ്തു വകുപ്പ് ഡയറക്ടര്‍ തുടങ്ങിയവരുള്‍പ്പെട്ട വിദഗ്ധ സമിതി നേരത്തെ പദ്ധതി സംബന്ധിച്ച് കേന്ദ്ര പുരാവസ്തു വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
മോടിപിടിപ്പിക്കല്‍ പ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടമായി കിഴക്കേ കോട്ടയുടെ ഏഴ് പ്രവേശനകവാടങ്ങളും വെട്ടിമുറിച്ച കോട്ട, പഴവങ്ങാടി, പടിഞ്ഞാറേ കോട്ട, പുതെന്‍ തെരുവ്, ശ്രീവരാഹം, വിറകുപുര കോട്ട എന്നിവയുടെ അറ്റകുറ്റപ്പണികള്‍ തീര്‍ക്കും. വെട്ടിമുറിച്ച കോട്ടയില്‍ നിന്ന് തെക്കേ കൊട്ടാരം വരെയുള്ള ഭിത്തികളും സിംഹ പ്രതിമകളും മോടിപിടിപ്പിക്കും.
ഭിത്തികളിലെ വിള്ളലുകള്‍ പരമ്പരാഗത രീതിയിലുള്ള മിശ്രിതങ്ങള്‍ ഉപയോഗിച്ചാവും അടക്കുന്നത്. സിമന്റ് ഉപയോഗിക്കില്ല.
കോട്ട ഭിത്തികളില്‍ നിന്നും മൂന്ന് മീറ്ററിനുള്ളില്‍ സ്ഥിതി ചെയ്യുന്ന കടകളും വീടുകളും പൊളിച്ചുമാറ്റും. കോട്ടയ്ക്കകത്തും ചുറ്റിലും കടകള്‍ പണിയുന്നതിനും നടപ്പാത നിര്‍മിക്കുന്നതിനും വിനോദസഞ്ചാര വകുപ്പ് 84 ലക്ഷം രൂപ സഹായം നല്‍കും.












Click it and Unblock the Notifications