പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ എസ് എഫ് ഐ പ്രവര്‍ത്തകരെ പൊലീസ് ലാത്തിച്ചാര്‍ജ് ചെയ്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ജൂലായ് 26 വെള്ളിയാഴ്ച നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
പ്രശ്നം സംബന്ധിച്ച് അടിയന്തിര പ്രമേയത്തിന് അനുമതി തേടികൊണ്ടുള്ള പ്രതിപക്ഷത്തിന്റെ നോട്ടീസിനുള്ള മറുപടിയില്‍ ലാത്തിചാര്‍ജ്ജിനെ ധനമന്ത്രി കെ. ശങ്കരനാരായണന്‍ ന്യായീകരിച്ചു. അക്രമാസക്തരായ എസ് എഫ് ഐ വിദ്യാര്‍ഥികള്‍ പൊതുസ്വത്ത് നശിപ്പിച്ചതായി മന്ത്രി ചൂണ്ടിക്കാട്ടി.
ക്രമസമാധാനം തകര്‍ക്കുന്ന രീതിയില്‍ ഇത്തരം അക്രമ പ്രവര്‍ത്തനം നടത്തിയാല്‍ അതിനെ സര്‍ക്കാര്‍ ശക്തമായി നേരിടും. പൊതുസ്വത്ത് നശിപ്പിച്ചതിന് ആറ് കേസുകളാണ് രജിസ്റര്‍ ചെയ്തത്. കേസുകളില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാവും.- മന്ത്രി പറഞ്ഞു.
പ്ലസ് ടു സ്കൂളുകള്‍ അണ്‍ എയ്ഡഡ് മേഖലയില്‍ തുടങ്ങുന്നതില്‍ അപാകതയൊന്നുമില്ല. വിദ്യാഭ്യാസത്തിന് ആവശ്യമായ സൗകര്യങ്ങളൊരുക്കുക എന്നത് സര്‍ക്കാരിന്റെ കര്‍ത്തവ്യമാണ്.
മന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചു.
തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. യാതൊരു പ്രകോപനവുമില്ലാതെയാണ് പൊലീസ് വിദ്യാര്‍ഥികളെ മര്‍ദിച്ചതെന്ന് ഇറങ്ങിപ്പോക്കിന് മുമ്പ് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞു.












Click it and Unblock the Notifications