വിദേശനിരീക്ഷകരെ അനുവദിക്കില്ല: ഇന്ത്യ
ദില്ലി: കശ്മീര്‍ തിരഞ്ഞെടുപ്പ് സുതാര്യമാക്കാന്‍ വിദേശ നിരീക്ഷകരെ അനുവദിക്കണമെന്ന യുഎസ് വിദേശകാര്യസെക്രട്ടറി കോളിന്‍ പവലിന്റെ നിര്‍ദേശം ഇന്ത്യ തള്ളി. കശ്മീരിലെ തിരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിപൂര്‍വകവുമാണോ എന്ന് പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്കാന്‍ വേണ്ടി പ്രത്യേക വിദേശ നിരീക്ഷകരെ അനുവദിക്കില്ലെന്നും ഇന്ത്യ വ്യക്തമാക്കി. കശ്മീരില്‍ തിരഞ്ഞെടുപ്പ് എങ്ങിനെ നടത്തണമെന്നത് സംബന്ധിച്ച് ഇന്ത്യയ്ക്ക് ആരുടെയും ഉപദേശം ആവശ്യമില്ലെന്നും ഇന്ത്യ അറിയിച്ചു.
പവല്‍ ഇന്ത്യ വിട്ടയുടനെയാണ് വിദേശകാര്യവക്താവ് നിരുപമ റാവുവാണ് ജൂലായ് 28 ഞായറാഴ്ച ഇന്ത്യയുടെ ഈ തീരുമാനം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. മാധ്യമപ്രവര്‍ത്തകര്‍ക്കും മറ്റും സ്വന്തം നിലയില്‍ കശ്മീരുള്‍പ്പെടെ ഇന്ത്യയില്‍ ഏത് ഭാഗത്തും സന്ദര്‍ശിക്കാവുന്നതാണെന്നും നിരുപമ റാവു വ്യക്തമാക്കി. എന്നാല്‍ എന്‍ജിഒകള്‍ക്കോ വ്യക്തികളടങ്ങിയ ഒരു സംഘത്തിനോ കശ്മീരില്‍ തിരഞ്ഞെടുപ്പ് പ്രക്രിയ നിരീക്ഷിക്കാന്‍ അനുവാദം നല്കില്ല. കശ്മീര്‍ തിരഞ്ഞെടുപ്പിനെ അക്രമം കൊണ്ട് അട്ടിമറിക്കാന്‍ പാകിസ്ഥാന്‍ ശ്രമിക്കരുതെന്നും ഇന്ത്യ താക്കീത് നല്കി.
അതേ സമയം അതിര്‍ത്തിക്കപ്പുറത്തു നിന്നുള്ള നുഴഞ്ഞുകയറ്റത്തില്‍ കുറവൊന്നുമുണ്ടായിട്ടില്ല. അതിപ്പോഴും പഴയതുപോലെ തുടരുകയാണ്. ഈ നുഴഞ്ഞുകയറ്റം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത പവലിന് അറിവുള്ളതാണെന്നും നിരുപമാ റാവു പറഞ്ഞു.
കശ്മീരില്‍ സ്വതന്ത്രവും നീതിപൂര്‍വകവുമായ തിരഞ്ഞെടുപ്പ് ഇന്ത്യ നടത്തുമെന്നും നിരുപമാ റാവു അറിയിച്ചു.












Click it and Unblock the Notifications