ചേകന്നൂര്‍ വധം: സിബിഐ കൈയൊഴിയുന്നു
മലപ്പുറം: ചേകന്നൂര്‍ മൗലവിയെ തട്ടിക്കൊണ്ടുപോയിട്ട് ഒമ്പതുവര്‍ഷം തികയുമ്പോള്‍, കേസന്വേഷിച്ചുവരുന്ന സിബിഐയും കേസ് കൈയൊഴിയുന്നു. ഒന്നര വര്‍ഷം മുമ്പ് മൂന്ന് പ്രതികളെ സിബിഐ അറസ്റ് ചെയ്തതോടെ കേസ് തെളിഞ്ഞേക്കുമെന്ന കേരളത്തിന്റെ പ്രതീക്ഷ പൊലിയുന്നു.
കേസുമായി ബന്ധപ്പെട്ട ചിലര്‍ ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയിട്ടുണ്ടെന്ന് വിവരം ലഭിച്ചിട്ടും സിബിഐ ഇവരെ ആരെയും ചോദ്യം ചെയ്തിട്ടില്ലെന്ന് അറിയുന്നു. മാത്രമല്ല, ചേകന്നൂര്‍ മൗലവിവധക്കേസില്‍ മൂന്നു പ്രതികളെ അറസ്റ് ചെയ്ത് വഴിത്തിരിവുണ്ടാക്കിയ സിബിഐ അന്വേഷണ ഉദ്യോഗസ്ഥനെ ഈയിടെ മാറ്റിയതിനു പിന്നിലും ഗൂഡാലോചനയുണ്ടെന്ന് ആരോപണമുണ്ട്.
മലപ്പുറം ജില്ലയിലെ ഒരു പ്രമുഖ മുസ്ലിം മതനേതാവിന് കേസില്‍ പങ്കുണ്ടെന്ന് അറസ്റിലായവര്‍ വെളിപ്പെടുത്തിയതോടെയാണ് കേസന്വേഷണം തണുത്തത്. ഈ മതപണ്ഡിതനുള്‍പ്പെടെയുള്ളവര്‍ കേന്ദ്രസര്‍ക്കാരില്‍ സ്വാധീനം ചെലുത്തിയാണ് സിബിഐ അന്വേഷണം മരവിപ്പിച്ചതെന്നും പറയുന്നു.
സിബിഐ അറസ്റ് ചെയ്തവര്‍ ഈ കേസിലെ മുഖ്യ അഞ്ച് പ്രതികള്‍ ഗള്‍ഫ് രാജ്യങ്ങളിലാണെന്ന് തുറന്നു സമ്മതിച്ചിരുന്നു. തുടര്‍ന്ന് ഈ അഞ്ചു പേരെയും വിട്ടുകിട്ടാന്‍ ഇന്റര്‍ പോളിന്റെ സഹായം തേടിയതായും സിബിഐ എസ്പി പറഞ്ഞിരുന്നു. എന്നാല്‍ വിദേശ മന്ത്രാലയത്തിന്റെ അനുമതി ഇതുവരെ ലഭിച്ചില്ലെന്നായിരുന്നു സിബിഐ വാദം. പക്ഷെ സിബിഐ ഈയാവശ്യമുന്നയിച്ച് വിദേശ മന്ത്രാലയത്തെ സമീപിച്ചിട്ടില്ലെന്നും വിമര്‍ശകര്‍ പറയുന്നു.
എന്തായാലും ഇപ്പോള്‍ നീതി കിട്ടാന്‍ ദേശീയ മനുഷ്യാവകാശകമ്മീഷനെ സമീപിക്കാനുള്ള നീക്കത്തിലാണ് മൗലവിയുടെ അമ്മാവനും ആക്ഷന്‍ കമ്മിറ്റി ഭാരവാഹിയുമായ കെ.കെ. സലിം ഹാജി.












Click it and Unblock the Notifications