നെടുമ്പാശേരിമര്‍ദ്ദനം: അദ്വാനിയ്ക്ക് പരാതി
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ കേന്ദ്രവ്യവസായ സുരക്ഷാസൈനികോദ്യോഗസ്ഥര്‍ (സിഐഎസ്എഫ്) വാര്‍ത്താലേഖകരെ മര്‍ദ്ദിച്ച സംഭവത്തില്‍ കേന്ദ്രമന്ത്രി അദ്വാനിയ്ക്ക് പരാതി. വാര്‍ത്താലേഖകരെ മര്‍ദ്ദിച്ച സിഐഎസ്എഫുകാര്‍ക്കെതിരെ കര്‍ശനമായി നടപടികളെടുക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ പത്രപ്രവര്‍ത്തക യൂണിയന്റെ എറണാകുളം ജില്ലാ സമിതിയാണ് പരാതി നല്കിയത്.
യാതൊരു പ്രകോപനവുമില്ലാതെയാണ് വാര്‍ത്താലേഖകരെ സിഐഎസ്എഫുകാര്‍ മര്‍ദ്ദിച്ചത്. വാര്‍ത്താലേഖകര്‍ക്കെതിരെ നെടുമ്പാശേരി വിമാനത്താവളത്തില്‍ അതിക്രമങ്ങള്‍ കൂടിവരികയാണെന്നും യൂണിയന്‍ പരാതിയില്‍ പറയുന്നു.
ഈ പ്രശ്നം ഗൗരവമായി എടുക്കണമെന്നും ആവശ്യമായ നടപടികളെടുക്കാന്‍ സിഐഎസ്എഫ് അധികൃതര്‍ക്ക് നിര്‍ദേശം നല്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട നടപടികളെടുക്കണം. പുതുതായി തിരഞ്ഞെടുക്കപ്പെട്ട കാതോലിക്കാ ബാവയുടെ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സതീഷ് കുമാര്‍ (കൈരളി ചാനല്‍), ജസ്റിന്‍ ജോസഫ് (ദീപിക), ബാബു കുരുവിള (മാധ്യമം) എന്നിവര്‍ക്ക് വിമാനത്താവളാധികൃതര്‍ പാസ് നല്കിയിരുന്നു. എന്നാല്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ഇവരെ തടയുകയായിരുന്നു. തങ്ങളുടെ ഭാഗം വിശദീകരിക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ സിഐഎസ്എഫുകാര്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്നും കത്തില്‍ പറയുന്നു.
അദ്വാനിയ്ക്ക് അയച്ച കത്തിന്റെ കോപ്പി മുഖ്യമന്ത്രി എ.കെ. ആന്റണിയ്ക്കും നല്കിയിട്ടുണ്ട്.












Click it and Unblock the Notifications