ഓര്‍ത്തഡോക്സ്, യാക്കോബായ വിഭാഗങ്ങള്‍ ഏറ്റുമുട്ടി
കൊച്ചി: ഓര്‍ത്തഡോക്സ്, യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ കോളഞ്ചേരിയില്‍ ഏറ്റുമുട്ടി. സംഘട്ടനത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇരുവിഭാഗങ്ങളും ജൂലായ് 28 ഞായറാഴ്ച പ്രത്യേകമായി യോഗം ചേരാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായത്.
പരിക്കേറ്റവരില്‍ മൂന്ന് പൊലീസുകാരും ഉള്‍പ്പെടുന്നു. അക്രമാസക്തരായ ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി.ജനക്കൂട്ടത്തെ പിരിച്ചുവിടാനുള്ള ശ്രമത്തിനിടയില്‍ ഉണ്ടായ കല്ലേറില്‍ പരിക്കേറ്റാണ് പൊലീസുകാര്‍ക്ക് പരിക്കേറ്റത്. ഒരാള്‍ക്ക് എതിര്‍ വിഭാഗത്തിന്റെ ആക്രമണത്തിനിടയില്‍ പരിക്കേറ്റു. ചുറ്റുമതിലിന് മുകളില്‍ നിന്ന് രംഗം വീക്ഷിക്കുകയായിരുന്ന ഒരു വികലാംഗന് താഴെ വീണ് പരിക്കേറ്റു.
പരിക്കേറ്റ പൊലീസുകാരായ രാജേഷ്, സതീഷ്, ഇസ്മായില്‍ എന്നിവരെ കോളഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവിഭാഗങ്ങളും ഒരേ ദിവസം പ്രത്യേക യോഗങ്ങള്‍ നടത്താന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് ഈ പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ടായിരുന്നു.
അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ വ്യത്യസ്ത ദിവസങ്ങളില്‍ യോഗം നടത്തുന്നതാണ് നല്ലതെന്ന് ഇരുവിഭാഗത്തിന്റെയും നേതൃത്വത്തെ അറിയിച്ചിരുന്നെങ്കിലും അവര്‍ അതിന് തയ്യാറായില്ലെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
മാര്‍ ബസേലിയോസ് തോമസ് ഒന്നാമനെ ആനയിച്ചുകൊണ്ടുള്ള ഘോഷയാത്ര കോളഞ്ചേരി നാല്‍ക്കവലയിലെത്തിയതോടെയാണ് സംഘര്‍ഷമുണ്ടായത്. ഇരുവിഭാഗങ്ങളും പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കിയപ്പോള്‍ അത് നിയന്ത്രിക്കാന്‍ പൊലീസിന് പണിപ്പെടേണ്ടിവന്നു.
യാക്കോബായ വിഭാഗത്തിന്റെ ഘോഷയാത്രയെ അവരുടെ യോഗസ്ഥലത്തേക്ക് പൊലീസ് തിരിച്ചുവിട്ടെങ്കിലും സെന്റ് പീറ്റേഴ്സ്, സെന്റ് പോള്‍ ചര്‍ച്ചിന് മുന്നില്‍ ഇരുവിഭാഗങ്ങളുമെത്തിയതോടെ ഏറ്റുമുട്ടല്‍ ആരംഭിച്ചു. ഇരുവിഭാഗവും സംഘടിച്ച് പരസ്പരം കല്ലേറ് നടത്തിയതിനെ തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി.












Click it and Unblock the Notifications