ബാരലുകളിലേത് സോഡിയം സയനൈഡ്
തിരുവനന്തപുരം: രേഖകളില്ലാതെ ചെന്നൈയില്‍ നിന്നും കേരളത്തിലേക്ക് കടത്തിയ അഞ്ചു ബാരലുകളിലെ ദ്രാവകം സോഡിയം സയനൈഡാണെന്ന് റിപ്പോര്‍ട്ട്. ഡ്രഗ്സ് കണ്‍ട്രോളറാണെന്ന് ഇക്കാര്യം ജൂലായ് 30 ചൊവാഴ്ച വെളിപ്പെടുത്തിയത്.
അനധികൃതമായി സോഡിയം സയനൈഡ് കൈവശം വച്ചതിന് കേസെടുക്കുമെന്നും ഡ്രഗ്സ് കണ്‍ട്രോളര്‍ എസ്.എസ്. വെങ്കിടകൃഷ്ണന്‍ പറഞ്ഞു. എന്നാല്‍ ഇപ്പോഴും ഇത്രയ്ക്കധികം സോഡിയം സയനൈഡ് രേഖകളില്ലാതെ കേരളത്തിലേക്ക് ആരാണ് കടത്തിയതെന്ന കാര്യം കണ്ടുപിടിക്കാനാവാതെ അന്വേഷണോദ്യോഗസ്ഥര്‍ കുഴങ്ങുകയാണ്.
വാളയാര്‍ ചെക്ക് പോസ്റ് കടന്നുവന്ന പാഴ്സല്‍ ലോറിയില്‍ നിന്ന് വാണിജ്യനികുതി ഇന്റലിജന്‍സ് ഉദ്യോഗസ്ഥരാണ് സയനൈഡ് പിടിച്ചെടുത്തത്. വാണിജ്യനികുതി ഉദ്യോഗസ്ഥര്‍ പൊലീസില്‍ പരാതി നല്കിയെങ്കിലും ഇത് തങ്ങളുടെ വകുപ്പല്ലെന്ന് പറഞ്ഞ് പൊലീസുകാര്‍ ഒഴിഞ്ഞുമാറുകയായിരുന്നു. തുടര്‍ന്നാണ് തൊണ്ടി ഡ്രഗ്സ് വിഭാഗത്തിന് കൈമാറിയത്.
സ്വര്‍ണ്ണം, വെള്ളി പ്ലേറ്റ് ചെയ്യുന്നതിനാണ് സോഡിയം സയനൈഡ് ഉപയോഗിക്കുന്നത്. പക്ഷെ 250 കിലോഗ്രാം സോഡിയം സയനൈഡ് ഒറ്റയടിക്ക് കേരളത്തിലേക്ക് കടത്തിയതിന് പിന്നില്‍ മറ്റ് ചില സംശയങ്ങള്‍ ചിലര്‍ ഉന്നയിക്കുന്നുണ്ട്. ഇത്രയും സയനൈഡ് കേരളത്തിലെ നദികളില്‍ കലക്കാനായി കൊണ്ടുവന്നതാണെന്നും ആരോപണമുയര്‍ന്നിരുന്നു.












Click it and Unblock the Notifications