ബലാത്സംഗം: നടപടിയെടുക്കുമെന്ന് ആന്റണി
തിരുവനന്തപുരം : ചെര്‍പ്പുളശേരിയില്‍ വീട്ടമ്മയെ മാനഭംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കാന്‍ സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യുമെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് ജൂലായ് 31 ബുധനാഴ്ച മറുപടി പറയുകയായിരുന്നു അദ്ദേഹം.
അത്യന്തം ഹീനമായ സംഭവമാണ് ചെര്‍പ്പളശേരിയില്‍ നടന്നതെന്ന് ആന്റണി അഭിപ്രായപ്പെട്ടു. അന്വേഷണം ത്വരിത ഗതിയിലാക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രണ്ടു ദിവസം മുമ്പാണ് സംഭവം നടന്നത്. പ്രതിയെ എത്രയും വേഗം പിടികൂടുമെന്നും അദ്ദേഹം അറിയിച്ചു.
സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന സ്ത്രീ പീഡനത്തിനു കാരണം പൊലീസിന്റെ അനാസ്ഥയാണെന്ന പ്രതിപക്ഷാരോപണം മുഖ്യമന്ത്രി നിഷേധിച്ചു. അമ്മയുടെ മരണത്തോടെ അനാഥരായ നാലും രണ്ടും വയസുളള കുഞ്ഞുങ്ങള്‍ക്ക് സഹായം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന സ്ത്രീപീഡനം സര്‍ക്കാര്‍ ഗൗരവമായെടുക്കണമെന്ന് വിഷയം അവതരിപ്പിച്ച സിപിഎമ്മിലെ ഗിരിജാ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ വിശദീകരണത്തെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു.












Click it and Unblock the Notifications