കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദിവാസി ഫണ്ട് : സഭാ സ്തംഭനം തുടരുന്നു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം : ആദിവാസി ഫണ്ട് തിരിമറി നടത്തിയെന്നാരോപിച്ച് തുടര്‍ച്ചയായ അഞ്ചാം ദിവസവും പ്രതിപക്ഷം സഭാ നടപടികള്‍ തടസപ്പെടുത്തി.

ശൂന്യവേള കഴിഞ്ഞയുടനെ പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ പ്രശ്നം സഭയില്‍ ഉന്നയിച്ചു. പട്ടികജാതി പട്ടിക വര്‍ഗ മന്ത്രി ഡോ. എം. എ. കുട്ടപ്പന്റെ രാജിയും സംഭവത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണവും വേണമെന്ന ആവശ്യത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് പ്രതിപക്ഷം ശഠിച്ചു.

എന്നാല്‍ പ്രശ്നം അന്വേഷിയ്ക്കുന്ന ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് കിട്ടുംവരെ പ്രതിപക്ഷം കാത്തിരിക്കണമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു. ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ചില നടപടിക്രമങ്ങളും കീഴ്വഴക്കങ്ങളും ഉണ്ട്. അതനുസരിച്ച് മാത്രമേ സര്‍ക്കാരിന് പ്രവര്‍ത്തിക്കാനാവൂ. ഇത്തരം ആക്ഷേപങ്ങള്‍ പുതിയതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇക്കാര്യത്തില്‍ പ്രതിപക്ഷം അല്‍പം ക്ഷമ കാണിക്കണമെന്നും ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് വരും വരെ കാത്തിരിക്കണമെന്നും ആന്റണി അഭ്യര്‍ത്ഥിച്ചു.

മുഖ്യമന്ത്രിയുടെ മറുപടിയില്‍ തൃപ്തരാകാതെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം തുടങ്ങി. തുടര്‍ന്ന് സഭാ നടപടികള്‍ അതിവേഗത്തില്‍ പൂര്‍ത്തിയാക്കി സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ സഭ പിരിയുന്നതായി പ്രഖ്യാപിച്ചു.

ആദിവാസി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ച 18 കോടി വകുപ്പുദ്യോഗസ്ഥര്‍ ചട്ടവിരുദ്ധമായി കൈയില്‍ വച്ചു എന്നാണ് പ്രതിപക്ഷാരോപണം. തുക മാര്‍ച്ച് 31 നു മുമ്പായി ട്രഷറിയില്‍ അടയ്ക്കണമെന്നാണ് ചട്ടം.

പ്രശ്നത്തില്‍ സര്‍ക്കാര്‍ കടുംപിടിത്തം നടത്തുകയാണെന്ന് വാക്കൗട്ടിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് ആരോപിച്ചു. ക്രമക്കേട് കാട്ടിയ മന്ത്രിയെ സംരക്ഷിക്കുകയാണ് മുഖ്യമന്ത്രി.

ചീഫ് സെക്രട്ടറി നടത്തുന്ന അന്വേഷണം ക്രമക്കേടിന്റെ എല്ലാ വശങ്ങളും പുറത്തു കൊണ്ടു വരില്ലെന്ന് അച്യുതാനന്ദന്‍ ആരോപിച്ചു. ഉദ്യോഗസ്ഥതലത്തിലെ അന്വേഷണത്തിന് പരിമിതികളുണ്ട്. അതിനാലാണ് തങ്ങള്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X