ഹവാലാ സുരേന്ദ്രന്‍ കീഴടങ്ങി
കോഴിക്കോട്: മൂംബൈയില്‍ നിന്ന് 336 കോടി രൂപ കേരളത്തിലേക്ക് കടത്തിയ ഹവാലക്കേസില്‍ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന സുരേന്ദ്രന്‍ കീഴടങ്ങി. ജൂലായ് 30 ചൊവാഴ്ചയാണ് ആദായനികുതി ഡപ്യൂട്ടി കമ്മീഷണര്‍ കെ. രാമന്റെ മുമ്പാകെ കീഴടങ്ങിയത്.
അഭിഭാഷകന്‍ പി. രഘുനാഥ് മുഖേനയാണ് സുരേന്ദ്രന്‍ എത്തിയത്. ആദായനികുതി ഉദ്യോഗസ്ഥര്‍ സുരേന്ദ്രനെ മൂന്നുമണിക്കൂറോളം ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ഹൈക്കോടതിയുടെ മുന്‍കൂര്‍ ജാമ്യം, അഭിഭാഷകന്റെ സാന്നിധ്യത്തില്‍ വച്ചേ ചോദ്യം ചെയ്യാവൂ എന്ന കോടതി ഉത്തരവ് എന്നിവയുമായാണ് സുരേന്ദ്രന്‍ എത്തിയിരുന്നത്. അതുകൊണ്ട് ആദായനികുതി ഉദ്യോഗസ്ഥര്‍ അഭിഭാഷകന്റെ മുമ്പില്‍ വച്ചാണ് സുരേന്ദ്രനെ ചോദ്യം ചെയ്തത്. വൈകുന്നേരം സുരേന്ദ്രന്‍ അഭിഭാഷകന്റെ കൂടെ മടങ്ങി.
ടെലഗ്രാഫിക് ട്രാന്‍സ്ഫര്‍ വഴി സുരേന്ദ്രന്റെ പേരിലാണ് പണം അയച്ചിരുന്നത്. കേരളത്തിലെ പ്രമുഖ ബാങ്കുകള്‍ വഴിയായിരുന്നു പണം കൈമാറ്റം. എന്നാല്‍ ഭൂപേന്ദ്രജയ താക്കര്‍ എന്ന സ്വര്‍ണ്ണവ്യാപാരിയുടെ കച്ചവടം സുഗമമാക്കാനാണ് തന്റെ പേരില്‍ പല ബാങ്കുകളില്‍ അക്കൗണ്ടുകള്‍ തുറന്നതെന്ന് സുരേന്ദ്രന്‍ പറയുന്നു.
ഹവാല ഇടപാടുമായി ബന്ധപ്പെട്ട് മന്ത്രി കെ.വി. തോമസിന്റെ പേരും ഉയര്‍ന്നുവന്നിരുന്നു. കേരളത്തില്‍ തീവ്രവാദഗ്രൂപ്പുകള്‍ക്ക് വേണ്ടിയാണ് ഈ തുക വിനിയോഗിച്ചതെന്നും ആരോപണമുണ്ട്.












Click it and Unblock the Notifications