മലയാളത്തിലെ അഞ്ചാം ടിവി ചാനല്‍ നാളെ
കൊച്ചി: മലയാളത്തിലെ അഞ്ചാമത്തെ ടിവി ചാനലായ ജീവന്‍ ടിവി ആഗസ്ത് ഒന്ന് വ്യാഴാഴ്ച സംപ്രേഷണം തുടങ്ങും. വ്യാഴാഴ്ച വൈകീട്ട് ആറ് മണിക്കാണ് സംപ്രേഷണം തുടങ്ങുകയെന്ന് ജീവന്‍ ടിവി മാനേജിംഗ് ഡയറ്കടര്‍ പി.സി. സിറിയക് പറഞ്ഞു.
വിജ്ഞാനം, വിനോദം, ബോധവല്ക്കരണം എന്നീ മേഖലകളെ കേന്ദ്രീകരിച്ചുള്ള പരിപാടികളാണ് സംപ്രേഷണം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. 24 മണിക്കൂര്‍ നേരവും സംപ്രേഷണമുള്ള ചാനലില്‍ ഡോക്യുമെന്ററികള്‍, സിനിമയെ കേന്ദ്രീകരിച്ചുള്ള പരിപാടികള്‍, സംഗീത പരിപാടികള്‍ എന്നിവയാണ് പ്രധാന പരിപാടികള്‍.
തുടക്കത്തില്‍ ഇംഗ്ലീഷില്‍ രാവിലെയും വൈകുന്നേരവും വാര്‍ത്തയുണ്ടായിരിക്കും. ദിവസവും മലയാളം വാര്‍ത്തയുള്‍പ്പെടെ നാലുതവണ വാര്‍ത്താസംപ്രേഷണം ഉണ്ടായിരിക്കും.
മാര്‍ത്താണ്ഡത്തിലെ സംസാരവിഷയം, അധികാരംഎന്നിവയാണ് തുടക്കത്തില്‍ സംപ്രേഷണം ചെയ്യുന്ന മെഗാ പരമ്പരകള്‍. ചലച്ചിത്ര സംവിധായകരായ കെ.ജി. ജോര്‍ജ്ജ്, ടി.കെ. രാജീവ്കുമാര്‍ എന്നിവര്‍ സംവിധാനം ചെയ്ത ടെലിഫിലിമുകളും തുടക്കത്തില്‍ സംപ്രേഷണം ചെയ്യുന്നുണ്ട്.
ഏഷ്യാനെറ്റ്, കൈരളി, സൂര്യ, ഡിഡി4 എന്നിവയാണ് ഇപ്പോഴത്തെ മലയാളം ടിവി ചാനലുകള്‍.












Click it and Unblock the Notifications