അച്ഛനാണച്ഛാ അച്ഛന്‍!
തിരുവനന്തപുരം : മകനു വേണ്ടി ചോദ്യമുണ്ടാക്കുക. മകന്റെ ഉത്തരക്കടലാസ് നോക്കുക. മാര്‍ക്കിടുക, ജയിപ്പിക്കുക. ഏതൊരച്ഛനും കൊതിയ്ക്കുന്നതാണ് ഇങ്ങനെയൊക്കെ ചെയ്യാന്‍. ഒരച്ഛന് അതിന് ഭാഗ്യമുണ്ടായി. തിരുവനന്തപുരം സംസ്കൃത കോളെജിലെ എസ്. ശിശുപാലനാണ് ഭാഗ്യം പിറന്ന ആ അച്ഛന്‍.
എസ്. ശിശുപാലന്റെ മകന്‍ സംസ്കൃത കോളെജിലെ രണ്ടാം വര്‍ഷ എം. എ. വിദ്യാര്‍ത്ഥിയാണ്. രണ്ടാം സെമസ്റര്‍ വ്യാകരണ പരീക്ഷയ്ക്ക് മകനു വേണ്ടി ചോദ്യം തയ്യാറാക്കാനുളള ചുമതലയേറ്റത് അച്ഛന്‍ തന്നെ. പരീക്ഷാ പേപ്പര്‍ നോക്കി മാര്‍ക്കിട്ടതും പിതാശ്രീ. എന്നാല്‍ ഇതൊക്കെ സര്‍വകലാശാലാ നിയമങ്ങള്‍ക്ക് എതിരാണെന്നാണ് ചിലര്‍ ചൂണ്ടിക്കാട്ടുന്നത്.
സംസ്കൃത സര്‍വകലാശാലയിലെ വ്യാകരണം വിഭാഗത്തില്‍ പൊതു വ്യാകരണം പഠിപ്പിക്കാന്‍ ശിശുപാലന് പുറമെ മറ്റൊരധ്യാപകന്‍ മാത്രമേ ഉളളൂവെന്ന് കുട്ടികള്‍ ചൂണ്ടിക്കാട്ടുന്നു. നിയമമനുസരിച്ച് അധ്യാപകരുടെ അടുത്ത ബന്ധുക്കള്‍ പരീക്ഷയെഴുതുന്നുണ്ടെങ്കില്‍ ചോദ്യപ്പേപ്പര്‍ തയ്യാറാക്കുന്ന ചുമതല അവരെ ഏല്‍പ്പിക്കാന്‍ പാടില്ല. അടുത്ത ബന്ധുക്കള്‍ പരീക്ഷയെഴുതിയെങ്കില്‍ ആ അധ്യാപകനെ ഉത്തരക്കടലാസുകള്‍ പരിശോധിക്കാനുളള ചുമതലയില്‍ നിന്നും ഒഴിവാക്കണമെന്നും നിയമമുണ്ട്.
ഇതു രണ്ടും മറികടന്നാണ് അച്ഛന്റെ ചോദ്യത്തിന് മകന്‍ ഉത്തരമെഴുതി, അച്ഛന്‍ തന്നെ അത് നോക്കി മാര്‍ക്കിട്ടു നല്‍കിയത്. 100 മാര്‍ക്കിന്റെ വിഷയത്തിന് 75 മാര്‍ക്ക് എഴുത്തു പരീക്ഷയ്ക്കുണ്ട്. ശേഷിയ്ക്കുന്നതില്‍ അഞ്ച് മാര്‍ക്ക് വീതം അറ്റന്‍ഡന്‍സിനും സെമിനാറിനും അസൈന്‍മെന്റുകള്‍ക്കും 10 മാര്‍ക്ക് രണ്ട് ടെസ്റ് പേപ്പറുകള്‍ക്കും ആണ്.
താനാണ് ചോദ്യപ്പേപ്പര്‍ തയ്യാറാക്കിയതെന്ന് ശിശുപാലന്‍ സമ്മതിച്ചു. എന്നാല്‍ പ്രിന്‍സിപ്പലിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഇത് ചെയ്തതെന്നും അതില്‍ തെറ്റില്ലെന്നും ഇദ്ദേഹം വാദിയ്ക്കുന്നു. ഭാഗ്യം പിറന്ന ഈ അച്ഛനെക്കണ്ട് അസുയ പൂണ്ടിരിക്കുകയാണ് മറ്റ് അധ്യാപകരും വിദ്യാര്‍ത്ഥികളും.












Click it and Unblock the Notifications