കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൈദ്യുതി പ്രതിസന്ധി : നാളെ പ്രത്യേക മന്ത്രിസഭായോഗം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം : ആസന്നഭാവിയില്‍ സംസ്ഥാനത്തുണ്ടാകുന്ന ഗുരുതരമായ വൈദ്യുതി പ്രതിസന്ധിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രത്യേക മന്ത്രിസഭാ യോഗം ചേരുന്നു. ആഗസ്റ് രണ്ട് വെളളിയാഴ്ചയാണ് മന്ത്രിസഭാ യോഗം.

സ്ഥിതിഗതികള്‍ അതിരൂക്ഷമാണെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി വാര്‍ത്താ ലേഖകരോട് പറഞ്ഞു. സംഭരണികളിലെ ജലനിരപ്പ് സൂചിപ്പിക്കുന്നത് വരാനിരിക്കുന്ന നാളുകളില്‍ നേരിടേണ്ടി വരുന്ന വൈദ്യുതി പ്രതിസന്ധിയെയാണ്. വരള്‍ച്ചയ്ക്ക് സമാനമായ സ്ഥിതിയാണ് സംസ്ഥാനത്തിന്റെ പലഭാഗത്തും.

വെളളപ്പൊക്കക്കെടുതികള്‍ പരിഹരിക്കേണ്ട സമയമാണ് കേരളത്തില്‍ ഇപ്പോള്‍. എന്നാല്‍ ഒരുകാലത്തുമുണ്ടാകാത്ത മഴക്കുറവാണ് സംസ്ഥാനം ഇക്കുറി നേരിട്ടത്. ഏത് അടിയന്തിര ഘട്ടത്തെയും നേരിടാനുളള തയ്യാറെടുപ്പ് നടത്താന്‍ എല്ലാ വകുപ്പുകളോടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തി. വൈദ്യുതി വകുപ്പ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രത്യേക മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യുമെന്നും ആന്റണി പറഞ്ഞു.

ഓണാഘോഷങ്ങള്‍ക്ക് പൊലിമ കുറയും

കുമരകത്തുണ്ടായ ബോട്ടപകടത്തിന്റെയും വൈദ്യുതി പ്രതിസന്ധിയുടെയും പശ്ചാത്തലത്തില്‍ ഓണാഘോഷങ്ങളുടെ പൊലിമ കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

ഓണാഘോഷ വേളയിലെ ദീപാലങ്കാരങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കില്ല. നെഹ്രു ട്രോഫി വളളംകളിയുടെ 50-ാം വാര്‍ഷികാഘോഷവും മിതമായ രീതിയില്‍ മതിയെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

ബോട്ടപകടം : ഗതാഗതി മന്ത്രി റിപ്പോര്‍ട്ട് തയ്യാറാക്കും

കുമരകത്തും പരിസരത്തും ജലഗതാഗതത്തിനുപയോഗിക്കുന്ന പഴയ ബോട്ടുകള്‍ നീക്കം ചെയ്യുന്നതിനെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കന്‍ ഗതാഗത മന്ത്രി കെ. ബി. ഗണേഷ് കുമാറിനെ ചുമതലപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ജലഗതാഗതത്തിന്റെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ അഞ്ചു ലക്ഷം രൂപ അടിയന്തരമായി അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചു. കുമരകം ബോട്ടപകടത്തില്‍ മരിച്ചവര്‍ക്കം 50,000 രൂപയും പരിക്കേറ്റവര്‍ക്ക് 10,000 രൂപയും സഹായധനം അനുവദിക്കും. ഗതാഗതത്തിന് ആവശ്യമെങ്കില്‍ സ്വകാര്യ ബോട്ടുകള്‍ വാടകയ്ക്കെടുക്കും.

സംസ്ഥാനത്ത് 30 ഹെല്‍ത്ത് ഇന്‍സ്ട്രക്ടര്‍ കോഴ്സുകള്‍ക്കും 18 പാരാമെഡിക്കല്‍ സ്ഥാപനങ്ങള്‍ക്കും എന്‍ഒസി നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു.

സംസ്ഥാനത്തെ എഞ്ചിനീയറിംഗ് കോളെജുകളില്‍ പ്രവേശനം തേടുന്ന വിദേശികള്‍ക്ക് വേണ്ടി തിരുവനന്തപുരത്ത് സെന്റര്‍ ഫോര്‍ സ്റുഡന്റ്സ് അഫയേഴ്സ് സ്ഥാപിക്കും. ഈ സ്ഥാപനത്തിലേയ്ക്ക് പുതിയ തസ്തിക വഴി നിയമനമില്ല. നിലവിലുളള ഉദ്യോഗസ്ഥരെ ഇവിടേയ്ക്ക് പുനര്‍വിന്യസിക്കും.

തിരുവനന്തപുരം ആയൂര്‍വേദ കോളെജില്‍ 20 ബിഎഎം സീറ്റുകള്‍ കൂടി അനുവദിക്കും. കണ്ണൂര്‍ ആയൂര്‍വേദ കോളെജില്‍ രണ്ട് ബിരുദാനന്തര ബിരുദ കോഴ്സുകളും തുടങ്ങും. ഓരോ ബാച്ചിലും അഞ്ച് സീറ്റുകള്‍ വീതം ഉണ്ടാകും.

പാലക്കാട് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശാന്തയുടെ രണ്ടു മക്കളുടെയും പേരില്‍ ഓരോ ലക്ഷം രൂപ വീതം സര്‍ക്കാര്‍ നിക്ഷേപിയ്ക്കും. കുട്ടികളുടെ പരിപാലനത്തിന് പദ്ധതി തയ്യാറാക്കാന്‍ പാലക്കാട് കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഉന്നയിക്കപ്പെട്ട അഴിമതി ആരോപണങ്ങളില്‍ എത്ര ജുഡീഷ്യല്‍ അന്വേഷണം നടത്തിയെന്നും എത്ര മന്ത്രിമാര്‍ രാജിവച്ചെന്നും വ്യക്തമാക്കാന്‍ മുഖ്യമന്ത്രി പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു. ആദിവാസി ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഇതു സംബന്ധിച്ച് ചീഫ് സെക്രട്ടറിയുടെ അന്വേഷണ റിപ്പോര്‍ട്ടിന് കാത്തിരിക്കുകയാണ് സര്‍ക്കാര്‍. പ്രതിപക്ഷം അല്‍പം കൂടി ക്ഷമ കാണിക്കണമെന്നും ആന്റണി ആവശ്യപ്പെട്ടു.

പെരിയ മരം മുറി കേസില്‍ അന്നത്തെ റവന്യൂ സെക്രട്ടറിയാണ് അന്വേഷണം നടത്തിയത്. സര്‍ക്കാരിനോടുളള പ്രതിപക്ഷത്തിന്റെ മനോഭാവം മാറണം. ഈ കേസ് ദുര്‍ബലമാണെന്ന് പ്രതിപക്ഷത്തിനു തന്നെ ബോധ്യമുണ്ടെന്നും ആന്റണി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X