കണ്ണപ്പന്‍ രാജിവയ്ക്കണം: ചിദംബരം
ചെന്നൈ: എല്‍ടിടിഇയെ പിന്തുണയ്ക്കണമെങ്കില്‍ കേന്ദ്രമന്ത്രിയായ എംഡിഎംകെ നേതാവ് എം. കണ്ണപ്പന്‍ രാജിവയ്ക്കണമെന്ന് മുന്‍ മന്ത്രി പി. ചിദംബരം.
പാര്‍ലമെന്റ് പാസാക്കുന്ന നിയമം അനുസരിക്കാമെന്ന പ്രതിജ്ഞയുമായി മന്ത്രിസ്ഥാനം ഏറ്റെടുക്കുന്നയാള്‍ നിരോധിക്കപ്പെട്ട സംഘടനയെ പിന്തുണയ്ക്കുന്നത് ശരിയല്ലെന്നും കോണ്‍ഗ്രസ് ജനനായക പേരാവൈ നേതാവ് കൂടിയായ ചിദംബരം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. എല്‍ടിടിഇയെ പിന്തുണയ്ക്കുക വഴി കണ്ണപ്പന്‍ സത്യപ്രതിജ്ഞ ലംഘിക്കുകയാണെന്നും ചിദംബരം പറഞ്ഞു.
എംഡിഎംകെ നേതാവ് വൈകോയെ തിരുമംഗലത്ത് നടത്തിയ പ്രസംഗത്തിന്റെ പേരില്‍ പോട്ടാപ്രകാരം അറസ്റ് ചെയ്തത് ശരിയായില്ല. അതേ സമയം എല്‍ടിടിഇയെ പ്രോത്സാഹിപ്പിക്കാന്‍ നടത്തിയ യോഗത്തെ സംബന്ധിച്ച് പ്രത്യേകം ശ്രദ്ധിക്കണം. പ്രസംഗത്തിന് പുറമെ മറ്റ് വല്ല തെളിവുകളും വൈകോയ്ക്കെതിരെ കണ്ടെത്തിയാല്‍ കാര്യങ്ങള്‍ ഗൗരവമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഒരു കേന്ദ്രമന്ത്രിയെ സംസ്ഥാനസര്‍ക്കാരിന് അറസ്റ്ചെയ്യാമോ എന്ന ചോദ്യത്തിന് ഫെഡറലിസത്തെ കണക്കിലെടുത്ത് അങ്ങിനെ ചെയ്യാതിരിക്കുന്നതാണ് ബുദ്ധിയെന്നതായിരുന്നു ചിദംബരത്തിന്റെ മറുപടി.
എല്‍ടിടിഇയ്ക്ക് അനുകൂലമായി 30 സ്ഥലങ്ങളില്‍ പ്രസംഗിച്ച കണ്ണപ്പനെതിരെ നടപടിയെടുക്കണമെന്ന് കഴിഞ്ഞദിവസം തമിഴ്നാട് മുഖ്യമന്ത്രി ജയലളിത കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications