കയറ്റിറക്ക് ഭേദഗതി ബില്‍ പാസായി
തിരുവനന്തപുരം : ഒരു വിഭാഗം കോണ്‍ഗ്രസ് അംഗങ്ങളുടെയും പ്രതിപക്ഷത്തിന്റെയും അതിരൂക്ഷമായ എതിര്‍പ്പിനിടയില്‍ വിവാദമായ ചുമട്ടു തൊഴിലാളി നിയമ ഭേദഗതി ബില്‍ നിയമസഭ പാസാക്കി.
വെളളിയാഴ്ച രാത്രി ചര്‍ച്ച പൂര്‍ത്തിയാക്കി മറ്റു നടപടികളിലേയ്ക്ക് കടന്നതോടെ ബില്ലിന്റെ പകര്‍പ്പുകള്‍ കീറിപ്പറത്തി പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കു ശേഷം രാത്രി വളരെ വൈകിയാണ് ബില്‍ പാസാക്കിയത്. എഡിബിയുമായുളള കച്ചവടം ഉറപ്പിക്കാനുളള ബില്ലാണിതെന്ന് പ്രതിപക്ഷം ചര്‍ച്ചയില്‍ ആരോപിച്ചു.
ബില്ലിലെ പല വ്യവസ്ഥകളോടും ഐഎന്‍ടിയുസി നേതാക്കളായ കരുണാകര ഗ്രൂപ്പുകാര്‍ എംഎല്‍എമാര്‍ അതിശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചു. ആകെ അവതരിപ്പിക്കപ്പെട്ട 863 ഭേദഗതികളില്‍ 200 എണ്ണവും അവതരിപ്പിച്ചത് ഭരണപക്ഷ സാമാജികരായിരുന്നു എന്നത് അവരുടെ എതിര്‍പ്പിന്റെ രൂക്ഷത തെളിയിക്കുന്നു.
ബില്ലിന്റെ പേരിനെക്കുറിച്ച് സബ്ജക്ട് കമ്മിറ്റി യോഗത്തില്‍ എതിര്‍പ്പുയര്‍ന്നപ്പോള്‍ അത് മാറ്റാന്‍ മന്ത്രി ബാബു ദിവാകരന്‍ തയ്യാറായി. ബില്ലിന്റെ പേരില്‍ നിന്നും ബലാത്കാരം, ഭീഷണിപ്പെടുത്തല്‍ എന്നീ വാക്കുകളാണ് നീക്കം ചെയ്ത് കേരള കയറ്റിറക്ക് (കൂലി ക്രമപ്പെടുത്തലും നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കലും) ബില്‍ എന്നാക്കി മാറ്റി.
ചര്‍ച്ചാ വേളയില്‍ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കലും എന്ന ഭാഗവും മാറ്റണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും മന്ത്രി വഴങ്ങിയില്ല. നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ശിക്ഷ എന്ന വാദത്തില്‍ മന്ത്രി ഉറച്ചു നിന്നു.
ബില്‍ പാസാക്കിയാലും നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയത്. കേരളത്തിന്റെ മുന്‍കാല അനുഭവങ്ങള്‍ വച്ചു നോക്കിയാലും ബില്‍ നടപ്പാക്കാനിടയില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
നിയമം വേണ്ടത്ര, വേണ്ടത് രാഷ്ട്രീയ ഇച്ഛാശക്തി
വ്യവസായ മേഖലയില്‍ കയറ്റിറക്കുമായി ബന്ധപ്പെട്ട് നടക്കുന്ന നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ 1978ല്‍ പാസാക്കിയ നിയമത്തില്‍ തന്നെ വ്യവസ്ഥയുണ്ട്. ഈ നിയമം നിലനില്‍ക്കവേയാണ് കേരളത്തില്‍ നോട്ടക്കൂലിയും മറ്റും വ്യാപകമായത്.
തൊഴിലുടമകളെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും തൊഴില്‍ തടസ്സപ്പെടുത്തുകയും ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ക്ക് വ്യവസ്ഥ ചെയ്യുന്ന നിയമം പുസ്തകത്താളുകളില്‍ സൂക്ഷിച്ചു വച്ചാണ് ഇക്കാലമത്രയും ഭരണം നടന്നത്. അതായത് രാഷ്ട്രീയപ്പാര്‍ട്ടികളുടെ യഥാര്‍ത്ഥ ശക്തി സ്രോതസായ ചുമട്ടുതൊഴിലാളികളെ പിണക്കാന്‍ ഒരു മുന്നണിയ്ക്കും തന്റേടമില്ല എന്നതാണ് സത്യം.
എന്നാല്‍ നിലവിലുളള നിയമം നടപ്പാക്കാനുളള ചങ്കൂറ്റവും രാഷ്ട്രീയ ഇച്ഛാശക്തിയില്ലായ്മയുമാണ് കേരളം നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങള്‍. കട്ടപ്പനയില്‍ വഴിയാത്രക്കാരനെ ഇടിച്ചിട്ട ഓട്ടോറിക്ഷാ ഡ്രൈവറോട് പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാന്‍ ഒരു കോണ്‍സ്റബിള്‍ ആവശ്യപ്പെട്ട സംഭവമാണ് അവിടെ പൊലീസ് സ്റേഷന്‍ ആക്രമണത്തിലും വെടിവെപ്പിലും എത്തിയത്.
എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അവിടെ നിയമം കൈയിലെടുക്കാന്‍ മത്സരിച്ചു. പരിക്കേറ്റ വഴിയാത്രക്കാരന്റെ വേദനയോ അമര്‍ഷമോ ഒന്നും അവിടെ സിപിഎമ്മുള്‍പ്പെടെയുളള പാര്‍ട്ടികള്‍ക്ക് വിഷയമായില്ല. ഓട്ടോക്കാരനെ ഭീഷണിപ്പെടുത്തിയ(മര്‍ദ്ദിച്ച എന്നു പരിഭാഷ) പൊലീസുകാരനെ മര്യാദ പഠിപ്പിച്ച് ഒത്താല്‍ ഒരു വെടിവെപ്പ് സംഘടിപ്പിക്കാനായിരുന്നു എല്ലാവര്‍ക്കും ഉത്സാഹം. സംസ്ഥാനത്തിന്റെ പല സ്ഥലത്തും ഇതാണ് അവസ്ഥ.
അസംഘടിതരായ പൊതുജനത്തിന് പലപ്പോഴും നിസഹായരാകാനേ കഴിയൂ. സംഘടിത ശക്തിയ്ക്കു മുന്നില്‍ അവര്‍ക്ക് തോറ്റു പിന്മാറേണ്ടി വരുന്നു. പാസാക്കുന്ന നിയമങ്ങള്‍ മാത്രമല്ല, നിലവിലുളള നിയമങ്ങളും പാലിക്കാനും നടപ്പാക്കാനും സര്‍ക്കാരിന് കഴിയുമോ എന്നതാണ് ചോദ്യം. ബില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് രഹസ്യമായി പറയുന്നവരില്‍ ഭരണപക്ഷ എംഎല്‍എമാരും ഉളളപ്പോള്‍, വീട്ടാവശ്യത്തിന് കസേരയോ മേശയോ ഇറക്കാനോ കയറ്റാനോ പോകുന്ന സാധാരണക്കാരന് ആരില്‍ നിന്ന് നീതി കിട്ടും? വ്യവസായത്തില്‍ നടപ്പാക്കാത്ത നിയമം ഗാര്‍ഹിക മേഖലയില്‍ നടപ്പാകുമെന്ന് എങ്ങനെ വിശ്വസിക്കും?












Click it and Unblock the Notifications