വിസാ തട്ടിപ്പ് നടത്തിയയാള്‍ അറസ്റില്‍
കൊല്ലം: അറബി ചമഞ്ഞ് വിസാ തട്ടിപ്പ് നടത്തിയയാള്‍ അറസ്റിലായി. ബേപ്പൂര്‍ സ്വദേശി അബ്ദു (25) ആണ് അറസ്റിലായത്.
പെരുന്തല്‍മണ്ണ സ്വദേശി ഹംസ ഹാജിയുമായി ചേര്‍ന്നാണ് ഇയാള്‍ വിസ തട്ടിപ്പ് നടത്തിയത്. 33 പേരെ കബളിപ്പിച്ച് പണം തട്ടിയ ഇയാളെ കൊല്ലം വടക്കുംതല സ്വദേശി സുനില്‍കുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അറസ്റ് ചെയ്തത്. നാല് ലക്ഷം രൂപയാണ് ഇവര്‍ വ്യാജവിസ നല്‍കി തട്ടിയത്.
മധ്യപ്രദേശില്‍ ടയര്‍ കമ്പനി നടത്തുകയായിരുന്ന സുനില്‍കുമാര്‍ മധ്യപ്രദേശില്‍ വെച്ചാണ് അബ്ദുവിനെ കണ്ടത്. അഛന്‍ അറബിയും അമ്മ മലയാളിയുമാണെന്നാണ് അബ്ദു സുനില്‍കുമാറിനോട് പറഞ്ഞത്. ദുബായില്‍ ഹോട്ടല്‍ ഉടമയായ അഛന്‍ വഴി കുറച്ച് വിസ കിട്ടുമെന്ന് അബ്ദു പറഞ്ഞു. ബന്ധപ്പെടാന്‍ ഫോണ്‍ നമ്പരും നല്‍കി.
പിന്നീട് 33 വിസയുണ്ടെന്ന് അബ്ദു സുനിലിനെ ഫോണില്‍ അറിയിച്ചു. ഓരോ വിസക്കും 40000 രൂപ വീതം വേണമെന്നും പറഞ്ഞു. തുടര്‍ന്ന് നാട്ടിലെത്തിയ സുനില്‍ ഗള്‍ഫില്‍ പോകാന്‍ താത്പര്യമുള്ള 33 പേരില്‍ നിന്നും പണവും പാസ്പോര്‍ട്ടും വാങ്ങി പെരുന്തല്‍മണ്ണയിലെ ഹംസഹാജിയുടെ വീട്ടില്‍ ചെന്നു. പണവും പാസ്പോര്‍ട്ടു നല്‍കി.
തുടര്‍ന്ന് തിരുവനന്തപുരം നോര്‍ക്ക ഓഫീസുമായി ബന്ധപ്പെട്ടപ്പോഴാണ് വിസ വ്യാജമാണെന്നറിയുന്നത്. ഉടന്‍ ഹംസ ഹാജിയുമായി ബന്ധപ്പെട്ടപ്പോള്‍ വേറെ വിസ തരാമെന്ന് പറഞ്ഞു. ഒന്നര ലക്ഷം രൂപയുടെ ചെക്കും പാസ്പോര്‍ട്ടുകളും നല്‍കി. ബാങ്കില്‍ നല്‍കിയപ്പോഴാണ് അക്കൗണ്ടില്‍ പണമില്ലെന്നറിയുന്നത്.
വടക്കേവിളയിലെത്തിയപ്പോഴാണ് അബ്ദുവിനെ പൊലീസ് അറസ്റ് ചെയ്തത്.












Click it and Unblock the Notifications