മീശ മാധവന്‍ വന്നു ചേര്‍ന്നാല്‍.....
പാല : ചെയര്‍മാന്റെ തീയേറ്ററില്‍ മീശമാധവന്‍ നിറഞ്ഞോടുമ്പോള്‍ എന്തു നഗരസഭാ യോഗം, ഏത് ജനകീയ പ്രശ്നം? അതും അംഗങ്ങള്‍ക്ക് കുടുംബസമേതം പടം കാണാന്‍ ടിക്കറ്റ് സൗജന്യമായി കിട്ടിയാല്‍!
പാലാ നഗരസഭയിലാണ് മീശ മാധവന്‍ സിനിമ കാണാനായി നഗരസഭാ യോഗം ഒരുമണിക്കൂറിനുളളില്‍ തീര്‍ത്ത് ഭരണ പ്രതിപക്ഷ അംഗങ്ങള്‍ യോജിപ്പിന്റെ അപൂര്‍വ മാതൃക കാട്ടിയത്. നഗരസഭാ ചെയര്‍മാന്‍ ജോസ് തോമസ് പടിഞ്ഞാറേക്കരയുടെ യൂണിവേഴ്സല്‍ തീയേറ്ററിലാണ് മീശ മാധവന്‍ തകര്‍ത്തോടുന്നത്.
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. വൈകുന്നേരം നാലിനു ചേര്‍ന്ന യോഗം അഞ്ചായപ്പോഴേയ്ക്കും നിര്‍ത്തി. അടിയന്തര പ്രശ്നങ്ങള്‍ പലതും ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കേണ്ടതുണ്ടായിരുന്നതൊന്നും അംഗങ്ങള്‍ക്ക് പ്രശ്നമായില്ല. ചടങ്ങ് വേഗം തീര്‍ത്ത് അവര്‍ കുടുംബസമേതം ആറിനു തന്നെ സിനിമയ്ക്കെത്തി.
പ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി വെളളിയാഴ്ച നാലു മണിക്ക് വീണ്ടും യോഗം ചേര്‍ന്നു. സിറ്റിംഗ് ഫീ, കാപ്പി, മറ്റു ചെലവുകള്‍ എന്നിവയ്ക്കായി 1500 രൂപയോളം ഈ യോഗത്തിന് നഗരസഭയ്ക്ക് ചെലവായി.
സിനിമ കാണാനായി യോഗം നേരത്തെ പിരിഞ്ഞെന്ന വാര്‍ത്ത നഗരസഭാ ചെയര്‍മാന്‍ നിഷേധിച്ചു. എന്നാല്‍ സിനിമ കാണാന്‍ നേരത്തെ തീരുമാനിച്ചിരുന്നെന്ന് ഭരണപക്ഷത്തെ ഒരു സ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ തന്നെ വെളിപ്പെടുത്തുന്നു.












Click it and Unblock the Notifications