പത്രപ്രവര്‍ത്തകയെ കൊന്നത് ഐപിഎസ്സുകാരന്‍
പഞ്ച്കുല: ഇന്ത്യന്‍ എക്സ്പ്രസിന്റെ വാര്‍ത്താലേഖിക ശിവാനിയെ വധിച്ച കേസില്‍ മുതിര്‍ന്ന ഹര്യാന ഐപിഎസ് ഓഫീസര്‍ക്ക് പങ്ക്. ദില്ലി പൊലീസ് ആഗസ്ത് മൂന്ന് ശനിയാഴ്ച ഐപിഎസ്സുകാരന്‍ രവികാന്ത് ശര്‍മ്മയെ അന്വേഷിച്ചെത്തിയെങ്കിലും അറസ്റ് ചെയ്യാനായില്ല.
രവികാന്ത് ശര്‍മ്മയും ഭാര്യയും ഒളിവിലാണ്. ശിവാനിയുടെ കൊലപാതകം ആസൂത്രണം ചെയ്തത് രവികാന്ത് ശര്‍മ്മയാണെന്ന് ദില്ലി പൊലീസ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റിനോട് പറഞ്ഞു. ശര്‍മ്മയുടെ പഞ്ച്കുലയിലുള്ള വസതിയില്‍ ദില്ലി പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും അദ്ദേഹത്തെ പിടികൂടാന്‍ കഴിഞ്ഞില്ലെന്ന് പഞ്ച്കുല എസ്പി ചാരു ബാലി പറഞ്ഞു.
ഹര്യാന ലോക്കല്‍ പൊലീസുമായി ചേര്‍ന്നാണ് രവികാന്ത് ശര്‍മ്മയുടെ വീട്ടില്‍ തിരച്ചില്‍ നടത്തിയതെന്നും ചാരു ബാലി പറഞ്ഞു. മൂന്നു മണിക്കൂര്‍ നേരം പൊലീസ് വീട്ടില്‍ റെയ്ഡ് നടത്തി. എന്നാല്‍ ദില്ലി പൊലീസ് തന്നെ അറസ്റ് ചെയ്യാന്‍ എത്തുന്നുവെന്ന വിവരം നേരത്തെ അറിഞ്ഞ രവികാന്ത് ശര്‍മ്മ 10 ദിവസം അവധിയെടുത്ത് ഭാര്യയുമായി ഒളിവില്‍ പോകുകയായിരുന്നു.
രവികാന്ത് ശര്‍മ്മ ഇപ്പോള്‍ ഹര്യാന ജയില്‍ ഐജിയാണ്. ശിവാനിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു രവികാന്ത് ശര്‍മ്മ. കൊലപാതകത്തിന് തൊട്ട് മുമ്പ് ശിവാനിയുമായി ശര്‍മ്മ പല തവണ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. നേരത്തെ ഈ കേസില്‍ അറസ്റ് ചെയ്യപ്പെട്ട ശ്രീ ഭഗ്വാനും പ്രദീപും ആണ് കൊലപാതകത്തില്‍ ശര്‍മ്മയ്ക്ക് ബന്ധമുണ്ടെന്ന് സമ്മതിച്ചത്.












Click it and Unblock the Notifications