പെട്രോള്‍ പമ്പ്: പാര്‍ലമെന്റ് സ്തംഭിച്ചു
ദില്ലി: പെട്രോള്‍ പമ്പുകള്‍ അനുവദിച്ചതില്‍ അഴിമതി കാട്ടിയ പെട്രോളിയം മന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റിന്റെ ഇരുസഭകളും പ്രതിപക്ഷം സ്തംഭിപ്പിച്ചു. ഇതുമൂലം ആഗസ്ത് അഞ്ച് തിങ്കളാഴ്ച ലോക്സഭയിലെയും രാജ്യസഭയിലെയും നടപടികളും പ്രതിപക്ഷബഹളം മൂലം റദ്ദാക്കി.
രാജ്യസഭയിലായിരുന്നു ബഹളം തുടങ്ങിയത്. രാജ്യസഭ ചേര്‍ന്നയുടന്‍ സര്‍ക്കാരിനെതിരെ മുദ്രാവാക്യം മുഴക്കി പ്രതിപക്ഷം ബഹളം തുടങ്ങുകയായിരുന്നു. പെട്രോളിയം മന്ത്രി രാം നായികില്‍ നിന്നും ഇതേപ്പറ്റി വിശദീകരണം നല്കാമെന്ന് കത്ത് ലഭിച്ചിട്ടുണ്ടെന്നും അതിനാല്‍ ചോദ്യോത്തരവേള തടസ്സപ്പെടുത്തരുതെന്നും രാജ്യസഭാ അധ്യക്ഷ നജ്മ ഹെപ്ത്തുള്ള പ്രതിപക്ഷത്തെ അറിയിച്ചു. എന്നാല്‍ ഈ അഴിമതിയില്‍ ഉള്‍പ്പെട്ട മന്ത്രി രാജിവയ്ക്കണമെന്നും പ്രശ്നം ഉടന്‍ ചര്‍ച്ച ചെയ്യണമെന്നും ആവശ്യമുയര്‍ത്തി പ്രതിപക്ഷം ബഹളം തുടര്‍ന്നു. തുടര്‍ന്ന് നജ്മ ഹെപ്ത്തുള്ള സഭ നീട്ടിവച്ചതായി പ്രഖ്യാപിച്ചു.
ലോക്സഭയിലും കോണ്‍ഗ്രസ്, ആര്‍ജെഡി, സമാജ്വാദി പാര്‍ട്ടി, ഇടതുപക്ഷ അംഗങ്ങള്‍ ഒന്നിച്ചാണ് ബഹളം തുടങ്ങിയത്. മന്ത്രി രാംനായിക്ക് രാജിവയ്ക്കണമെന്നും പെട്രോള്‍ പമ്പ് അഴിമതി സംബന്ധിച്ച് സിബിഐ അന്വേഷിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ചോദ്യോത്തര വേള തടസ്സപ്പെട്ടതിനെ തുടര്‍ന്ന് ലോക്സഭാ സ്പീക്കര്‍ മനോഹര്‍ ജോഷി ആദ്യം സഭ നീട്ടിവച്ചു. വീണ്ടും ചോദ്യോത്തരവേള തുടരാന്‍ ജോഷി ശ്രമിച്ചെങ്കിലും പ്രതിപക്ഷത്തിന്റെ ബഹളം മൂലം ഒന്നും കേള്‍ക്കാനുണ്ടായിരുന്നില്ല. പ്രശ്നം സീറോ അവറില്‍ ഉന്നയിക്കാമെന്ന സ്പീക്കറുടെ അപേക്ഷ പ്രതിപക്ഷം തള്ളിയതിനെ തുടര്‍ന്ന് സഭ നീട്ടിവച്ചതായി ജോഷി അറിയിച്ചു.












Click it and Unblock the Notifications