പര്‍വീണ്‍ ബാബി എത്തിയില്ല
മുംബൈ: സഞ്ജയ് ദത്തിന്റെ അധോലോകബന്ധത്തെക്കുറിച്ച് തെളിവുകളുണ്ടെന്ന് അവകാശപ്പെട്ട പര്‍വീണ്‍ ബാബി എന്ന നടി പക്ഷെ മൊഴി നല്കാന്‍ ടാഡാ കോടതിയിലെത്തിയില്ല. ആഗസ്ത് അഞ്ച് തിങ്കളാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ട് പ്രത്യേക ടാഡാ കോടതി ഇവര്‍ക്ക് സമ്മന്‍സ് അയച്ചിരുന്നു.
സഞ്ജയ് ദത്തിനെതിരെ മൊഴി നല്കാന്‍ ഒരു പ്രമുഖ സിനിമാതാരം ടാഡാ കോടതിയ്ക്ക് മുമ്പാകെ തിങ്കളാഴ്ച ഹാജരാകുമെന്ന് പ്രചാരണമുണ്ടായിരുന്നു. പക്ഷെ അതാരാണെന്ന് കോടതി വെളിപ്പെടുത്താതിനാല്‍ തികഞ്ഞ ആകാംക്ഷയായിരുന്നു. ഇതുമൂലം ഒട്ടേറെ വാര്‍ത്താലേഖകര്‍ കോടതിയിലെത്തി.
1993ലെ മുംബൈ സ്ഫോടനപരമ്പരകളില്‍ സഞ്ജയ് ദത്ത് പ്രതിയാണെന്ന് ആരോപിച്ചുകൊണ്ട് പര്‍വീണ്‍ ബാബി നേരത്തെ കോടതിയില്‍ സമര്‍പ്പിച്ച രേഖകളും സത്യവാങ്മൂലവും മതിയാകില്ലെന്ന കാരണം പറഞ്ഞാണ് വീണ്ടും ഹാജരാകാന്‍ ടാഡാ കോടതി ഇവരോട് ആവശ്യപ്പെട്ടിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പര്‍വീണ്‍ ബാബി കൂടുതല്‍ തെളിവുകളുമായി എത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.
എന്തുകൊണ്ടാണ് ഇവര്‍ കോടതിയില്‍ എത്താതിരുന്നത് എന്ന് വ്യക്തമല്ല. അതേ സമയം നടന്‍ സഞ്ജയ് ദത്ത് തന്റെ അഭിഭാഷകരായ മാനെഷിന്‍ഡെ, ഫര്‍ഹാന ഷാ എന്നിവരോടൊപ്പം കോടതിയില്‍ എത്തിയിരുന്നു.












Click it and Unblock the Notifications