കശ്മീരില്‍ കേന്ദ്രഭരണം വേണം: വാജ്പേയി
ദില്ലി: കശ്മീര്‍ സംബന്ധിച്ച് പ്രധാനമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ളയും തമ്മില്‍ ഇടയുന്നുവെന്ന് സൂചന.
ആഗസ്ത് ആറ് ചൊവാഴ്ച പ്രധാനമന്ത്രിയെ വന്നു കണ്ട കോണ്‍ഗ്രസ് പ്രതിനിധിസംഘത്തോട് പ്രധാനമന്ത്രി തന്റെ മനസ്സിലുള്ളത് തുറന്നുപറഞ്ഞു: കശ്മീരില്‍ ഗവര്‍ണറുടെ ഭരണം കൊണ്ടുവരാന്‍ ജമ്മു-കശ്മീര്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയെ പ്രേരിപ്പിക്കും.
എന്നാല്‍ ജമ്മു-കശ്മീരില്‍ ഗവര്‍ണര്‍ ഭരണം അനുവദിക്കില്ലെന്ന് ഫാറൂഖ് അബ്ദുള്ളയും മകന്‍ ഒമര്‍ അബ്ദുള്ളയും വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഈ അഭിപ്രായപ്രകടനം. ജമ്മു കശ്മീരില്‍ അക്രമം കൂടിവരുന്ന പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് മന്‍മോഹന്‍സിംഗിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പ്രതിനിധി സംഘം പ്രധാനമന്ത്രിയെ കണ്ടത്.
പ്രധാനമന്ത്രിയ്ക്കും മന്‍മോഹന്‍സിംഗിനും പുറമെ ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനി, പ്രതിരോധമന്ത്രി ജോര്‍ജ്ജ് ഫെര്‍ണാണ്ടസ്, ധനമന്ത്രി ജസ്വന്ത് സിംഗ്, കോണ്‍ഗ്രസ് നേതാക്കളായ അര്‍ജുന്‍സിംഗ്, പ്രണാബ് കുമാര്‍ മുഖര്‍ജി എന്നിവരും കൂടികാഴ്ചയില്‍ പങ്കെടുത്തു. തിരഞ്ഞെടുപ്പിന് മുന്‍പ് ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തണമെന്ന കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടപ്പോള്‍, ഞങ്ങളും പൂര്‍ണ്ണമായും അതിനോട് യോജിക്കുന്നു എന്നായിരുന്നു അദ്വാനിയുടെ പ്രതികരണം.












Click it and Unblock the Notifications