അനില്‍ നമ്പ്യാരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു
തിരുവനന്തപുരം : മന്ത്രി കെ. വി. തോമസിന് ഹവാല ബന്ധമുണ്ടെന്നാരോപിക്കുന്ന രേഖ സംബന്ധിച്ച വാര്‍ത്ത സംപ്രേക്ഷണം ചെയ്ത കേസില്‍ സൂര്യാ ടിവി റിപ്പോര്‍ട്ടര്‍ അനില്‍ നമ്പ്യാര്‍ ക്രൈംബ്രാഞ്ചിനു മുന്നില്‍ ഹാജരായി.
രേഖയുടെ ഉറവിടവും സത്യാവസ്ഥയും സംബന്ധിക്കുന്ന കാര്യങ്ങള്‍ അനില്‍ നമ്പ്യാരോട് ചോദിച്ചതായി ഔദ്യോഗിക കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി. ചോദ്യം ചെയ്യലിനു ശേഷം അനില്‍ നമ്പ്യാരെ വിട്ടയച്ചു. ചോദ്യം ചെയ്യല്‍ ബുധനാഴ്ചയും തുടരും.
രേഖ സംപ്രേക്ഷണം ചെയ്തത് സംബന്ധിച്ച് തനിക്കു പറയാനുളളത് അനില്‍ നമ്പ്യാര്‍ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചു. രേഖയുടെ ഉറവിടം സംബന്ധിച്ചും ക്രൈംബ്രാഞ്ചിനെ അറിയിച്ചിട്ടുണ്ടെന്നറിയുന്നു. വിശദീകരണം വിശദമായി പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ടൂറിസം മന്ത്രി കെ. വി. തോമസിന് 336 കോടിയുടെ ഹവാല ഇടപാടുമായി ബന്ധമുണ്ടെന്ന് കാണിച്ച് ഡിജിപി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയ്ക്ക് അയച്ചു എന്നു പറയപ്പെടുന്ന കത്താണ് സൂര്യാ ടിവി പ്രദര്‍ശിപ്പിച്ചത്. ഈ കത്ത് വ്യാജമാണെന്ന് ആരോപിച്ച് മന്ത്രി സൂര്യാ ടിവിയ്ക്കും അനില്‍ നമ്പ്യാര്‍ക്കുമെതിരെ കേസ് ഫയല്‍ ചെയ്തിരുന്നു.
വ്യാജ കത്ത് സംപ്രേക്ഷണം ചെയ്തെന്നാരോപിച്ച് സൂര്യാ ടിവിയ്ക്കും അനില്‍ നമ്പ്യാര്‍ക്കുമെതിരെ ക്രൈംബ്രാഞ്ച് കഴിഞ്ഞ മാസം കോടതിയില്‍ പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
വ്യാജ രേഖ ചമയ്ക്കല്‍, അപകീര്‍ത്തി, ഗൂഡാലോചന, സത്യമെന്ന വ്യാജേനെ കളളരേഖ പ്രസിദ്ധീകരിക്കുക എന്നിവയ്ക്ക് ഐപിസി 466, 471,500, 120(ബി) എന്നീ കുറ്റങ്ങളാണ് സൂര്യാ ടിവിയ്ക്കും റിപ്പോര്‍ട്ടര്‍ക്കുമെതിരെ ചുമത്തപ്പെട്ടിരിക്കുന്നത്.
ഈ കേസന്വേഷണത്തിനായി ക്രൈം ബ്രാഞ്ച് അധികൃതര്‍ സൂര്യ ഓഫീസില്‍ റെയ്ഡിനായി എത്തിയത് ഒച്ചപ്പാടുണ്ടാക്കിയിരുന്നു.
കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് കൃത്രിമമായി തയ്യാറാക്കിയ കത്താണ് സൂര്യ സംപ്രേക്ഷണം ചെയ്തതെന്ന് ക്രൈംബ്രാഞ്ച് നേരത്തെ കണ്ടെത്തിയിരുന്നു.












Click it and Unblock the Notifications