കര്‍ക്കിടക വാവ് നാളെ
തിരുനാവായ : മണ്‍മറഞ്ഞ പിതൃക്കളുടെ മോക്ഷത്തിന് പൂവും അരിയും തര്‍പ്പണം ചെയ്യാന്‍ ഒരു കര്‍ക്കിടക വാവു കൂടി.
ഇന്ന് ആഗസ്റ് ഏഴ് ബുധനാഴ്ച ഒരിയ്ക്കലാണ്. ഇന്ന് ഒരു നേരം മാത്രമേ അരി ആഹാരം കഴിയ്ക്കുകയുള്ളു. നാളെയാണ് കര്‍ക്കിടക വാവ്.
കേരളത്തിലെ പ്രധാന ബലി തര്‍പ്പണ തീരമായ തിരുനാവായ മണപ്പുറത്ത് തര്‍പ്പണത്തിനുളള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. ആഗസ്റ് എട്ട് വ്യാഴാഴ്ച രാവിലെ മൂന്നു മണിയോടെ ക്ഷേത്രങ്ങളും വഴിപാട് കേന്ദ്രങ്ങളും തുറക്കും. ബലി കര്‍മ്മങ്ങള്‍ക്ക് 15 രൂപ കൗണ്ടറില്‍ അടച്ച് രസീത് വാങ്ങണം.
ഭക്തജനങ്ങളുടെ സൗകര്യം പ്രമാണിച്ച് ബുധനാഴ്ച വൈകുന്നേരം അഞ്ചു മണി മുതല്‍ രാത്രി 10 മണി വരെ കൗണ്ടര്‍ പ്രവര്‍ത്തിക്കും.
ചേര്‍പ്പ് ആറാട്ട് പുഴ മന്ദാരം കടവില്‍ രാവിലെ മൂന്നു മണി മുതല്‍ 11 വരെയാണ് ബലിയര്‍പ്പിക്കുന്നത്. വാവൂട്ടു സാമഗ്രികളെല്ലാം കടവില്‍ നിന്നും ലഭിക്കും.
അമ്പൂരി തേവരുകോണം ശ്രീ മഹാദേവ ക്ഷേത്ര തീര്‍ത്ഥഘട്ടത്തില്‍ വ്യാഴാഴ്ച രാവിലെ നാലു മുതല്‍ പിതൃതര്‍പ്പണം.
ഉദിയന്‍കുളങ്ങര ശ്രീ ഭദ്രകാളി ക്ഷേത്രത്തില്‍ രാവിലെ അഞ്ചു മുതല്‍ 11 വരെ ബലി തര്‍പ്പണം.
തൃക്കണ്ണാപുരം ശ്രീ ചക്രത്തില്‍ ശിവക്ഷേത്രക്കടവില്‍ ഒരേ സമയം 150 പേര്‍ക്ക് തര്‍പ്പണത്തിനുളള സൗകര്യം.
ആനയറ ഈശാലയത്തിന്റെ ആഭിമുഖ്യത്തില്‍ ശംഖുമുഖത്ത് രാവിലെ 9.30 മുതല്‍ പിതൃതര്‍പ്പണം. സ്വാമി ഈശോ ചടങ്ങില്‍ പങ്കെടുക്കും.
കൊല്ലങ്കോട് ശ്രീശങ്കരംകുടം ശിവക്ഷേത്രം ദേവസ്വത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന വാവുബലി കര്‍മ്മങ്ങള്‍ ഇക്ഷുനദിക്കരയില്‍ വൈദികന്‍ എന്‍. കെ. സുബ്രഹ്മണ്യന്റെ കാര്‍മ്മികത്വത്തില്‍ നടക്കും. ബലികര്‍മ്മങ്ങള്‍ക്ക് നദിക്കരയാണ് അനുയോജ്യം എന്ന് ദേവപ്രശ്നത്തില്‍ കണ്ടതിനെ തുടര്‍ന്നാണ് ഇക്ഷു നദിക്കരയില്‍ പിതൃതര്‍പ്പണത്തിനുളള ഒരുക്കങ്ങള്‍ ചെയ്തത്. വനവാസക്കാലത്ത് ശ്രീരാമന്‍ ഈ നദിയില്‍ പിതൃതര്‍പ്പണം നടത്തിയിരുന്നെന്ന് വിശ്വസിക്കപ്പെടുന്നു.












Click it and Unblock the Notifications