പെണ്‍വാണിഭം: പ്രതികളെ രക്ഷിക്കാന്‍ ശ്രമം
കൊച്ചി : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും നീലച്ചിത്ര നിര്‍മ്മാണത്തില്‍ പങ്കാളിയാക്കുകയും ചെയ്ത കേസില്‍ പ്രതികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതായി പി.കെ. ശ്രീമതി എംഎല്‍എ ആരോപിച്ചു. മട്ടാഞ്ചേരില്‍ പീഡനത്തിന് വിധേയയായ പെണ്‍കുട്ടിയെ കണ്ടശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ശ്രീമതി.
കേസിന്റെ ചുമതലയുണ്ടായിരുന്ന അസിസ്റന്റ് പൊലീസ് കമ്മീഷണറെ എക്സൈസ് വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണ്. മറ്റൊരു സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ നിര്‍ബന്ധിച്ച് അവധിയെടുപ്പിച്ചിരിക്കുന്നു. - ശ്രീമതി ആരോപിച്ചു.
ഈ കേസില്‍ രാഷ്ട്രീയ-സിനിമാരംഗത്തെ പ്രമുഖര്‍ക്ക് ബന്ധമുണ്ട്. തിരിച്ചറിയല്‍ പരേഡിന് മന്ത്രിമാരെ കൊണ്ടുവരാന്‍ കഴിയാത്തതിനാല്‍ അവര്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ഫോട്ടോ കാണിക്കാമെന്ന് പറഞ്ഞതല്ലാതെ ആരും കാണിച്ചിട്ടില്ല. ഈ പെണ്‍കുട്ടിക്ക് പുറമെ മറ്റ് ഏഴ് പെണ്‍കുട്ടികള്‍ കൂടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. കോഴിക്കോട് വച്ചാണ് ഈ പെണ്‍കുട്ടി ആദ്യമായി ഈ റാക്കറ്റില്‍ കുടുങ്ങുന്നത്. ഈ റാക്കറ്റില്‍ പുരഷന്മാര് മാത്രമല്ല, സ്ത്രീകളും പങ്കാളികളാണെന്നും ശ്രീമതി പറഞ്ഞു.