വ്യാജരേഖ നല്‍കിയത് ശോഭനയെന്ന് അനില്‍
തിരുവനന്തപുരം: 336 കോടിയുടെ ഹവാല ഇടപാടില്‍ മന്ത്രി കെ. വി. തോമസിന് പങ്കുണ്ടെന്ന് കാണിക്കുന്ന വ്യാജരേഖ തനിക്ക് നല്‍കിയത് ശോഭനാ ജോര്‍ജാണെന്ന് അനില്‍ നമ്പ്യാര്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി.
കെ. വി. തോമസിന് ഹവാല ഇടപാടില്‍ പങ്കുണ്ടെന്ന് മുന്‍ ഇന്റലിജന്‍സ് ഡി ജി പി ഹോര്‍മിസ് തരകന്‍ മുഖ്യമന്തിക്കയച്ച റിപ്പോര്‍ട്ടിന്റെ കോപ്പി തന്റെ കൈവശമുണ്ടെന്ന് ശോഭനാ ജോര്‍ജ് തന്നെ അറിയിക്കുകയായിരുന്നുവെന്നാണ് അനില്‍ നമ്പ്യാര്‍ മൊഴി നല്‍കിയത്. നിയമസഭാ ക്യാന്റീനില്‍ വെച്ചാണ് ശോഭന ഈ വിവരം നല്‍കിയത്.
അന്ന് വൈകുന്നേരം ഡി വൈ എസ് പി എന്ന് സ്വയം വിശേഷിപ്പിച്ച ഒരാള്‍ റിപ്പോര്‍ട്ട് അയക്കുന്നുണ്ടെന്ന് അനിലിനെ വിളിച്ച് അറിയിച്ചു. തുടര്‍ന്ന് റിപ്പോര്‍ട്ട് സൂര്യാ ടി വി ഓഫീസിലെത്തി. അടുത്ത ബുള്ളറ്റിനില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു.
റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച ശേഷം പൊലീസ് സൂര്യാ ടി വിയുടെയും അനില്‍ നമ്പ്യാരുടെയും ടെലഫോണ്‍ ചോര്‍ത്തിയിരുന്നു. റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച ശേഷം ഡി വൈ എസ് പി അനില്‍ നമ്പ്യാരുമായി ഫോണില്‍ സംസാരിച്ചത് ടേപ്പ് ചെയ്തിട്ടുണ്ട്. ഇത് വ്യാജ ഡി വൈ എസ് പിയാണെന്നാണ് പൊലീസ് കരുതുന്നത്.
കഴിഞ്ഞ ദിവസം അനില്‍ നമ്പ്യാരെ പൊലീസ് അറസ്റ് ചെയ്തിരുന്നു. അറസ്റില്‍ പ്രതിഷേധിച്ച് കെ യു ഡബ്ല്യു ജെ ആഗസ്ത് ഒമ്പത് വെള്ളിയാഴ്ച കരിദിനം ആചരിക്കുകയാണ്.
വ്യാജരേഖക്ക് പിന്നിലാരാണെന്ന് വ്യക്തമാക്കിയിട്ടും അവര്‍ക്കെതിരെ നടപടിയെടുക്കാതെ കേസ് വഴിതിരിച്ചുവിടാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് കെ യു ഡബ്ല്യു ജെ ആരോപിച്ചു.












Click it and Unblock the Notifications