രാഷ്ട്രപതി ആഗസ്ത് 12ന് ഗുജറാത്തില്‍
ദില്ലി: രാഷ്ട്രപതി സ്ഥാനമേറ്റ ശേഷം ആദ്യത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി അബ്ദുള്‍ കലാം ഗുജറാത്തിലേക്ക് പോവുന്നത് സംബന്ധിച്ച് ബി ജെ പി മൗനം പാലിക്കുന്നു.
ആഗസ്ത് 12 മുതല്‍ 13 വരെയാണ് കലാമിന്റെ ഗുജറാത്ത് സന്ദര്‍ശനം. ഗുജറാത്തില്‍ കലാപത്തിന് ഇരയായവര്‍ക്ക് ആശ്വാസമെത്തിച്ചതിനെ കുറിച്ചുള്ള റിപ്പോര്‍ട്ട് നല്‍കാനായി ഗുജറാത്ത് സര്‍ക്കാരിനോട് രാഷ്ട്രപതി ആവശ്യപ്പെട്ടിട്ടുണ്ട്.
കലാമിന്റെ ഗുജറാത്ത് സന്ദര്‍ശനത്തെ കുറിച്ച് ബി ജെ പി പരാമര്‍ശങ്ങളൊന്നും നടത്തിയിട്ടില്ല. പാര്‍ട്ടി വക്താവ് വിജയ് കുമാര്‍ മല്‍ഹോത്ര ഇതേ പറ്റിയെന്തെങ്കിലും പറയാന്‍ വിസമ്മതിക്കുകയായിരുന്നു.
അതേ സമയം കലാമിന്റെ ഗുജറാത്ത് സന്ദര്‍ശനത്തെ കോണ്‍ഗ്രസ് സ്വാഗതം ചെയ്തു. ഗുജറാത്ത് പി സി സിയുടെ ഒരു സംഘം അഹമ്മദാബാദില്‍ വെച്ച് രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തും.
വര്‍ഗീയ ലഹള നടന്ന ഒരു പ്രദേശത്ത് രാഷ്ട്രപതി സന്ദര്‍ശനം നടത്തുന്നത് ആദ്യമായാണെന്ന് രാഷ്ട്രീയ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ കുറിച്ച് രാഷ്ട്രപതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതും അപൂര്‍വ സംഭവമാണ്.
ഗുജറാത്തിലെ ഭൂകമ്പബാധിത പ്രദേശങ്ങളും രാഷ്ട്രപതി സന്ദര്‍ശിക്കുന്നുണ്ട്. അഹമ്മദാബാദ് സന്ദര്‍ശനത്തിന് ശേഷം അദ്ദേഹം ഭുജിലേക്ക് പോവും. ഭൂകമ്പത്തെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്നവര്‍ക്ക് ദുരിതാശ്വാസമെത്തിച്ചതിനെ കുറിച്ചും രാഷ്ട്രപതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
സാധാരണ ഗതിയില്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ക്ഷണം കിട്ടിയതിന് ശേഷമാണ് രാഷ്ട്രപതി സംസ്ഥാനം സന്ദര്‍ശിക്കാറ്. എന്നാല്‍ കലാം ഈ പതിവ് തെറ്റിച്ചിരിക്കുകയാണ്. ഗുജറാത്ത് സന്ദര്‍ശിക്കുന്നതു സംബന്ധിച്ച് സ്വയം തീരുമാനമെടുത്ത കലാം ഇക്കാര്യം ഗുജറാത്ത് സര്‍ക്കാരിനെയും അറിയിക്കുകയായിരുന്നു.












Click it and Unblock the Notifications