വ്യാജരേഖ: പൊലീസിന് സൂചന ലഭിച്ചു
തിരുവനന്തപുരം: മന്ത്രി കെ.വി. തോമസിന് ഹവാല ഇടപാടുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കാന്‍ വേണ്ടി ഉണ്ടാക്കിയ വ്യാജരേഖ തയ്യാറാക്കിയവരെക്കുറിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചതായി പറയുന്നു. പക്ഷെ ഇതാരാണെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല.
എന്തായാലും വ്യാജരേഖയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തുമെന്ന ദൃഡനിശ്ചയത്തിലാണ് പൊലീസ്. കുറ്റവാളികളെ കണ്ടെത്തുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ദില്ലിയില്‍ വെളിപ്പെടുത്തിയതോടെ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് വ്യക്തമായി.
വ്യാജരേഖ തയ്യാറാക്കിയതില്‍ സൂര്യാ ടിവി റിപ്പോര്‍ട്ടര്‍ക്ക് പങ്കുണ്ടെന്ന ് പൊലീസ് വിശ്വസിക്കുന്നില്ല. അതേ സമയം ശോഭന ജോര്‍ജ്ജ് എംഎല്‍എയുടെ അടുത്ത സുഹൃത്തും തനിനിറം പത്രത്തിന്റെ മുന്‍ലേഖകനുമായ ജയചന്ദ്രനെ സംശയിക്കുന്നുണ്ട്. ഇതിന് പുറമെ കോണ്‍ഗ്രസുകാരായ പല പ്രമുഖരും ഈ വ്യാജരേഖ നിര്‍മ്മിച്ചതിന് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നതായി പറയുന്നു.
എന്നാല്‍ കുറ്റം അനില്‍ നമ്പ്യാരുടെ മേല്‍ ചാര്‍ത്തി മറ്റ് കുറ്റവാളികളെ രക്ഷിക്കാന്‍ ക്രൈംബ്രാഞ്ചിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ശ്രമിക്കുന്നതായി പറയുന്നു. ഈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന് ശോഭന ജോര്‍ജ്ജിന് അടുത്ത ബന്ധമുണ്ടെന്നും പറയുന്നു. വ്യാജരേഖയില്‍ പതിച്ച സീല്‍ വ്യാജസീലാണോ അതോ പൊലീസ് ആസ്ഥാനത്ത് നിന്ന് കിട്ടിയ പഴയ സീലാണോ എന്ന കാര്യത്തെക്കുറിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.












Click it and Unblock the Notifications