മെഡിക്കല്‍ കോളജുകളില്‍ മൃതദേഹമില്ല
തിരുവനന്തപുരം: അനാട്ടമി ലാബില്‍ ആവശ്യത്തിന് മൃതദേഹങ്ങളില്ലാത്തതു മൂലം സംസ്ഥാനത്തെ പുതിയ നാല് മെഡിക്കല്‍ കോളജുകള്‍ക്ക് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അനുമതി കിട്ടാന്‍ വൈകുന്നു.
ആദ്യ സെമസ്റര്‍ എംബിബിഎസ് വിദ്യാര്‍ഥികളില്‍ 10 പേര്‍ക്ക് ലബോട്ടറിയില്‍ പഠിക്കാനായി ഒരു മൃതദേഹമുണ്ടാവണമെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ നിയമം. ഇതനുസരിച്ച് 130 വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്കാന് സൗകര്യമുള്ള, അനുമതി കാത്തിരിക്കുന്ന ഓരോ മെഡിക്കല്‍ കോളജിലും 13 മൃതദേഹമുണ്ടാവണം.
കൗണ്‍സിലിന്റെ അടുത്ത പരിശോധനയ്ക്കു മുമ്പായി മൃതദേഹങ്ങള്‍ ശേഖരിക്കാനുള്ള തിടുക്കത്തിലാണ് മെഡിക്കല്‍ കോളജ് അധികൃതര്‍. പുതിയ മെഡിക്കല്‍ കോളജുകളില്‍ അമൃത മെഡിക്കല്‍ കോളജിന് മാത്രമേ അനുമതി ലഭിച്ചിട്ടുള്ളൂ.
അവകാശികളില്ലാത്ത മൃതദേഹങ്ങളാണ് മെഡിക്കല്‍ കോളജ് അനാട്ടമി ലാബില്‍ ഉപയോഗിക്കുന്നത്.
അതേ സമയം അനാട്ടമി ലാബില്‍ മൃതദേഹങ്ങളുണ്ടാവണമെന്ന കൗണ്‍സിലിന്റെ നിബന്ധന മാറ്റണമെന്ന് അഭിപ്രായമുയര്‍ന്നിട്ടുണ്ട്. പാശ്ചാത്യ രാജ്യങ്ങളില്‍ ത്രിമാന കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് അനാട്ടമി പഠിപ്പിക്കുന്നതെന്നും ഐഎം സിയും നിയമത്തില്‍ അത്തരം മാറ്റം വരുത്തണമെന്നും ആരോഗ്യ വിദഗ്ധന്‍ സി. ആര്. സോമന് ചൂണ്ടിക്കാട്ടി.