മൈക്കില്ലാതെ പഠിപ്പിക്കുന്നതെങ്ങനെ?
നാഗര്‍കോവില്‍ : നൂറോളം കുട്ടികള്‍ ഒരു ക്ലാസില്‍ പഠിയ്ക്കുന്നെങ്കില്‍ പഠിപ്പിക്കുന്നവര്‍ക്ക് അത്യാവശ്യം വേണ്ടത് ഒരു മൈക്രോഫോണാണ്.
തക്കല അമലാ കോണ്‍വെന്റില്‍ അതുകൊണ്ട് അധ്യാപികമാര്‍ സംസാരിക്കുന്നത് മൈക്രോഫോണിലൂടെയാണ്. ഓരോ ക്ലാസിലും 90 -ഓളം കുട്ടികള്‍ പഠിക്കുമ്പോള്‍ അധ്യാപകര്‍ക്ക് ചോക്കിനും ബോര്‍ഡിനുമൊപ്പം ഈ ഉപകരണം കൂടിയേ തീരു. എട്ടാം ക്ലാസില്‍ 89, ഒമ്പതാം ക്ലാസില്‍ 98, 10ല്‍ 96 എന്നിങ്ങനെയാണ് ഓരോ ക്ലാസിലെയും വിദ്യാര്‍ത്ഥികളുടെ എണ്ണം.
തമിഴ്നാട് സര്‍ക്കാരിന്റെ പുതിയ നയമാണ് സ്ക്കൂളിന് മൈക്രോഫോണ്‍ അനിവാര്യമാക്കിയത്. ഓരോ ക്ലാസിലും ഇംഗ്ലീഷ് മീഡിയത്തിന് ഒരു ഡിവിഷനേ അനുവദിക്കൂ എന്നാണ് സര്‍ക്കാര്‍ നയം. കൂടുതല്‍ ഡിവിഷനുകള്‍ അനുവദിച്ചാല്‍ അതിന്റെ ചെലവ് അതാത് സ്ക്കൂളുകള്‍ വഹിക്കേണ്ടി വരും. സര്‍ക്കാര്‍, എയിഡഡ് സ്ക്കൂളുകള്‍ക്കെല്ലാം ബാധകമാണ് ഈ നയം.
അധ്യാപക വിദ്യാര്‍ത്ഥി അനുപാതം കഴിയുന്നത്ര കുറവായിരിക്കണം എന്ന വിദ്യാഭ്യാസ വിദഗ്ദ്ധരുടെ അഭിപ്രായമൊന്നും സര്‍ക്കാര്‍ നയത്തിനു മുന്നില്‍ വിലപ്പോകുന്നില്ല. എല്ലാ കുട്ടികളുടെയും പേരും മുഖവും പഠിപ്പിക്കുന്നവര്‍ക്ക് അറിയാമോ എന്നു ചോദിച്ചാലും ഉത്തരമില്ല. പക്ഷേ, മൈക്രോഫോണ്‍ വച്ച് പഠിപ്പിക്കല്‍ ഗംഭീരമായി നടക്കുന്നുണ്ട്.
എട്ടാം ക്ലാസു മുതല്‍ പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന സ്ക്കൂളാണ് അമലാ കോണ്‍വെന്റ് സ്ക്കൂള്‍. ഒമ്പത്, 10 ക്ലാസുകളിലാണ് ഇപ്പോള്‍ മൈക്രോഫോണ്‍ സൗകര്യമുളളത്. 89 കുട്ടികള്‍ പഠിക്കുന്ന എട്ടാം ക്ലാസില്‍ ഇതുവരെ മൈക്രോഫോണ്‍ എത്തിയിട്ടില്ല.
ക്ലാസ് മുറിയുടെ ഒരു മൂലയില്‍ നിന്നും പറയുന്നത് മറ്റേ മൂലയില്‍ കേള്‍ക്കാന്‍ കഴിയില്ല എന്ന അവസ്ഥ വന്നതു കൊണ്ടാണ് മൈക്രോഫോണ്‍ ഏര്‍പ്പെടുത്തേണ്ടി വന്നതെന്ന് ഹെഡ്മിസ്ട്രസ് സിസ്റര്‍ റോസ്ലി പറയുന്നു. വിദ്യാര്‍ത്ഥിനികളുടെ സംശയങ്ങളും അധ്യാപികമാരുടെ മറുപടിയും മൈക്രോഫോണില്ലെങ്കില്‍ ക്ലാസിലെ എല്ലാ കുട്ടികള്‍ക്കും കേള്‍ക്കാനാവില്ല.
ഒരു ക്ലാസില്‍ അധ്യാപകര്‍ക്ക് മാത്രമേ മൈക്രോഫോണ്‍ ഉളളൂ. മറ്റൊരു ക്ലാസില്‍ വിദ്യാര്‍ത്ഥിനികള്‍ക്കും വസ്ത്രത്തില്‍ ഘടിപ്പിക്കാവുന്ന ചെറിയ മൈക്രോഫോണ്‍ നല്‍കിയിട്ടുണ്ട്. ക്ലാസ് മുറിയില്‍ മാത്രം കേള്‍ക്കാന്‍ പാകത്തില്‍ ബോക്സുകളുമുണ്ട്.
മൈക്രോഫോണും ബോക്സുകളുമായി അടിപൊളി അധ്യയനം നടത്തുകയാണ് അമലാ കോണ്‍വെന്റ് സ്ക്കൂള്‍.












Click it and Unblock the Notifications