കൈരളി ചാനലിന്റെ നഷ്ടം 24 കോടി
തിരുവനന്തപുരം : കൈരളി ചാനലിന്റെ കഴിഞ്ഞ വര്‍ഷത്തെ നഷ്ടം 23.42 കോടിയാണെന്ന് വാര്‍ഷിക റിപ്പോര്‍ട്ട്.
ഓഹരിയുടമകള്‍ക്കയച്ച വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ചാനലിന്റെ ഭീമമായ നഷ്ടം സൂചിപ്പിച്ചിട്ടുളളത്. ഓഹരിയുടമകളുടെ വാര്‍ഷിക പൊതുയോഗം ആഗസ്റ് 31ന് ചന്ദ്രശേഖരന്‍ നായര്‍ സ്റേഡിയത്തില്‍ നടക്കും.
ചാനലിന് ഇതേവരെയുണ്ടായ ആകെ വരുമാനം 13.11 കോടി രൂപയാണ്. പ്രവര്‍ത്തനച്ചെലവ് 25.89 കോടിയും. ഈയിനത്തിലെ നഷ്ടം 12.78 കോടി.
വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പയെടുത്തതിന് പലിശ നല്‍കിയതുള്‍പ്പെടെയുളള നഷ്ടം 8.64 കോടി. രണ്ടും കൂടിച്ചേര്‍ത്ത് സഞ്ചിത നഷ്ടം 23.42 കോടി.
ചാനല്‍ കഴിഞ്ഞ ജനുവരി ഒന്നു മുതല്‍ ഡിജിറ്റല്‍ സംപ്രേക്ഷണം ആരംഭിച്ചെങ്കിലും അനലോഗ് പ്രക്ഷേപണം അവസാനിപ്പിച്ചിരുന്നില്ല. അതിനാല്‍ ബിഎസ്എന്‍എലിന് ട്രാന്‍സ്പോണ്ടര്‍ വാടകയിനത്തില്‍ 11.47 കോടി രൂപ നല്‍കാനുണ്ട്. ട്രാന്‍സ്പോണ്ടര്‍ ഉപയോഗിക്കാത്ത കാലയളവിലെ വാടകയും കൂടിച്ചേര്‍ത്താണ് ഈ തുക. തുകയില്‍ ഇളവ് വരുത്താന്‍ ബിഎസ്എന്‍എല്ലുമായി ചര്‍ച്ച നടക്കുന്നു. പ്രശ്നം പരിഹരിച്ചാല്‍ അവര്‍ക്ക് ഇത്രയും തുക നല്‍കേണ്ടി വരില്ലെന്ന് മാനേജ്മെന്റ് പറയുന്നു.
കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനച്ചെലവ് 8.82 കോടി രൂപയായിരുന്നത് ഇപ്പോള്‍ 25.89 കോടിയായി വര്‍ദ്ധിച്ചിട്ടുണ്ട്. നഷ്ടത്തിലായതിനാല്‍ ഇക്കുറിയും ലാഭവിഹിതം നല്‍കാനാവില്ലെന്ന് ഓഹരി ഉടമകളെ അറിയിച്ചിട്ടുണ്ട്.
പരസ്യവരുമാനം കഴിഞ്ഞ വര്‍ഷം 1.31കോടി രൂപയായിരുന്നത് ഇത്തവണ 11.40 കോടിയായി വര്‍ദ്ധിച്ചിട്ടുണ്ട്. ഇതര മേഖലകളില്‍ നിന്നുളള വരുമാനം 1.15 കോടിയില്‍ നിന്നും 1.71 കോടിയായി ഉയര്‍ന്നു.
കൈരളി പരിപാടികള്‍ ഇന്റര്‍നെറ്റ് വഴി ഗള്‍ഫ് നാടുകളില്‍ എത്തിക്കാന്‍ ഇ-വിഷന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചുളള ചര്‍ച്ചകളും നടക്കുകയാണ്. ദോഹ ആസ്ഥാനമായുളള ക്യൂ-ടെല്‍ കമ്പനിയുമായാണ് ചര്‍ച്ച. അവരുടെ ക്യൂ-സിവി വഴിയാണ് പരിപാടികള്‍ ഗള്‍ഫിലെത്തുന്നത്.
ഈ വര്‍ഷം ഏപ്രില്‍ അഞ്ചിന് പാലക്കാട്ട് നടന്ന ഓഹരിയുടമകളുടെ അസാധാരണ യോഗം, മൂലധനം 100 കോടിയായി വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഈ തീരുമാനം ഇതുവരെ നടപ്പായിട്ടില്ല. ആകെ 2,35,863 ഓഹരിയുടമകളാണ് കൈരളിയ്ക്കുളളത്. 58.47 കോടി രൂപയാണ് മൂലധനം. സ്ഥിരം ജീവനക്കാര്‍ 154.
ചാനലിന്റെ കഴിഞ്ഞ വര്‍ഷത്തെ ഏഴു കോടിയുടെ നഷ്ടം ഇക്കുറി മൂന്നു മടങ്ങിനപ്പുറത്തയ്ക്ക്േ വര്‍ദ്ധിച്ചത് ഓഹരിയുടമകള്‍ അമ്പരപ്പോടെയാണ് കാണുന്നത്. മൂന്നു വര്‍ഷത്തിനകം ചാനല്‍ ലാഭത്തിലാകുമെന്നായിരുന്നു മാനേജ്മെന്റ് പറഞ്ഞിരുന്നത്.
ഇക്കൊല്ലത്തെ പ്രവര്‍ത്തനച്ചെലവ് 25 കോടി കവിഞ്ഞതും അമ്പരപ്പുളവാക്കുന്നു. പരസ്യയിനത്തിലും അല്ലാതെയുമുളള ഒരു വര്‍ഷത്തെ വരുമാനം 13.21 കോടിയാണ്. അതായത് അടുത്ത വര്‍ഷം പ്രവര്‍ത്തനച്ചെലവ് ഇതേ നിലയില്‍ തുടരുകയാണെങ്കില്‍ പോലും ലാഭവും നഷ്ടവുമില്ലാത്ത അവസ്ഥയിലെത്താന്‍ വരുമാനം നേരെ ഇരട്ടിയാകേണ്ടതുണ്ട്.
മറ്റ് രണ്ട് ചാനലുകള്‍ കൂടി വരികയും കേരളത്തിലെ പരസ്യവിപണി വികസിക്കാത്തതും ചാനലിന്റെ ലാഭമോഹങ്ങള്‍ക്ക് തിരിച്ചടിയാവുകയാണ്.












Click it and Unblock the Notifications