ടെക്നോപാര്‍ക്കിലും തൊഴിലാളിസമരം
തിരുവനന്തപുരം : മെച്ചപ്പെട്ട വേതനംലഭിക്കുന്നുവെന്നതിനാല്‍ തൊഴില്‍ സമരങ്ങളില്‍ നിന്ന് മുക്തമാണെന്ന് കരുതിയ ടെക്നോപാര്‍ക്കിലും തൊഴില്‍സമരം. തൊഴില്‍സമരങ്ങളില്‍ നിന്ന് കേരളത്തിലെ വ്യവസായങ്ങളെ മോചിപ്പിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് ഈ സമരം കനത്ത തിരിച്ചടിയായിരിക്കുകയാണ്. ബോണസ് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സമരം മൂലം ടെക്നോപാര്‍ക്കില്‍ ഒരു കമ്പനി പൂട്ടി.
ടെറോയിഡല്‍ ഗ്രാണ്‍സ് ഫോര്‍മറുകള്‍ നിര്‍മ്മിക്കുന്ന ടെറോയിഡ് എന്ന കമ്പനിയാണ് പൂട്ടിയത്. കമ്പനി ജീവനക്കാര്‍ പ്രതിഷേധ സൂചകമായി ടെക്നോപാര്‍ക്കിനു മുന്നില്‍ ധര്‍ണയാരംഭിച്ചു.
അടിസ്ഥാന ശമ്പളത്തിന്റെ 8.33 ശതമാനം തുക ബോണസായി നല്‍കാമെന്ന് കമ്പനി സമ്മതിച്ചെങ്കിലും ഈ തുക തീരെക്കുറവാണെന്ന് പറഞ്ഞാണ് ജീവനക്കാര്‍ സമരം തുടങ്ങിയത്. കമ്പനി ലാഭത്തിലല്ല പ്രവര്‍ത്തിക്കുന്നത് എന്നതിനാല്‍ ഇതിനപ്പുറം ബോണസ് നല്‍കാനാവില്ലെന്ന് കമ്പനി വൃത്തങ്ങള്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം ടെക്നോപാര്‍ക്കില്‍ ഏറ്റവുമധികം വിറ്റു വരവ് നേടിയ കമ്പനിയാണ് ടെറോയിഡ്. അഞ്ചു വര്‍ഷം മുമ്പാണ് ഈ കമ്പനി ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. സ്വീഡിഷ് മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ കമ്പനിയ്ക്ക് ഏഴു വിദേശ രാജ്യങ്ങളില്‍ ശാഖകളുണ്ട്.
അഞ്ചു വര്‍ഷമായി ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കു പോലും 2000-2200 നിരക്കിലാണ് ശമ്പളം നല്‍കുന്നതെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു. ടെക്നോപാര്‍ക്കില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ ചൂഷണം നടത്തുന്നത് ഈ കമ്പനിയാണെന്നാണ് ജീവനക്കാരുടെ നിലപാട്.
ഈ വര്‍ഷം ബോണസ് നല്‍കാമെന്ന് കഴിഞ്ഞ വര്‍ഷം കമ്പനി സമ്മതിച്ചിരുന്നെങ്കിലും അതിന് തയ്യാറായില്ല. ജീവനക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് 8.33 ശതമാനം ബോസസ് നല്‍കാന്‍ സമ്മതിക്കുകയായിരുന്നു. എന്നാല്‍ ഈ തുക വേണ്ടെന്നു വയ്ക്കാനും ഒരു ദിവസം ഓവര്‍കോട്ട് ഉപേക്ഷിച്ച് പ്രതിഷേധിയ്ക്കാനും ജീവനക്കാര്‍ തീരുമാനിച്ചു.
ഓവര്‍കോട്ട് ഉപേക്ഷിച്ച് ജോലി ചെയ്തവരില്‍ രണ്ടു പേരെ തിരഞ്ഞു പിടിച്ച് കമ്പനിയില്‍ നിന്നും പുറത്താക്കിയതോടെയാണ് പ്രശ്നം ഗുരുതരമായത്. കമ്പനി തീരുമാനത്തിനെതിരെ ജീവനക്കാര്‍ ഒറ്റക്കെട്ടായി സമരം തുടങ്ങി. കഴിഞ്ഞ ദിവസം രാത്രി സമരം ചെയ്ത ജീവനക്കാരെ പൊലീസ് അറസ്റു ചെയ്ത് വിട്ടയച്ചു.
ചൊവാഴ്ച രാവിലെ കമ്പനിയിലെത്തിയ ജീവനക്കാരെ തടഞ്ഞ് കമ്പനി പൂട്ടിയതായുളള അറിയിപ്പ് ഗേറ്റില്‍ പതിച്ചു. പുറത്താക്കിയ ജീവനക്കാരെ ഒരു കാരണവശാലും തിരിച്ചെടുക്കില്ലെന്ന നിലപാടിലാണ് മാനേജ്മെന്റ്.












Click it and Unblock the Notifications