Get Updates
Get notified of breaking news, exclusive insights, and must-see stories!

വര്‍ഗ്ഗീയകലാപം അവസാനിപ്പിക്കണം : രാഷ്ട്രപതി

ദില്ലി : വര്‍ഗ്ഗീയകലാപമുള്‍പ്പെടെയുള്ള എല്ലാതരം ചേരിതിരിഞ്ഞുള്ള അക്രമങ്ങളെയും ഇല്ലായ്മചെയ്യണമെന്ന് രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാം. പകരം അക്രമരാഹിത്യത്തിന്റയും സഹിഷ്ണുതയുടെയും സഹനത്തിന്റെയും പാതയിലേയ്ക്ക് മടങ്ങാന്‍ ഭാരതീയര്‍ തയ്യാറാകണമെന്ന് രാഷ്ട്രപതി ഡോ. എ. പി. ജെ. അബ്ദുള്‍ കലാം ആവശ്യപ്പെട്ടു.

രാജ്യത്തോടുളള തന്റെ ആദ്യ സ്വാതന്ത്യ്രദിന പ്രസംഗത്തിലാണ് ബിജെപിയ്ക്ക് പരോക്ഷമായ താക്കീതു നല്കിക്കൊണ്ടുള്ള ഡോ. കലാമിന്റെ ആഹ്വാനം. ഗുജറാത്തിലെ ലഹളബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചതിനു ശേഷമാണ് അദ്ദേഹം രാഷ്ട്രത്തെ അഭിസംബോധന ചെയ്യാനുളള തന്റെ പ്രസംഗം തയ്യാറാക്കിയത്.

ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്ന് രാഷ്ട്രപതി ആവര്‍ത്തിച്ചു. അതൊരു അന്താരാഷ്ട്ര വിഷയമാക്കാനാവില്ല. പാകിസ്താനുമായുളള അതിര്‍ത്തി തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ഇന്ത്യ എപ്പോഴും തയ്യാറാണ്. എന്നാല്‍ അതിര്‍ത്തി കടന്നുളള ഭീകരപ്രവര്‍ത്തനം പൂര്‍ണമായി അവസാനിപ്പിക്കാന്‍ അയല്‍ക്കാരന്‍ തയ്യാറായേ മതിയാകു എന്ന് രാഷ്ട്രപതി ഓര്‍മ്മിപ്പിച്ചു.

രാജ്യം നേരിടുന്ന പ്രതിസന്ധികള്‍ സൂചിപ്പിക്കവെയാണ് സാമൂദായികമായതടക്കം എല്ലാ ചേരിതിരിവുകളും മാറ്റിവച്ച് ഒന്നിക്കാന്‍ രാഷ്ട്രപതി ആഹ്വാനം ചെയ്തത്. കശ്മീരിലടക്കം എല്ലായിടത്തും ജനത്തിന്റെ വേദനയകറ്റാന്‍ നമുക്കാകണം. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ വര്‍ദ്ധിച്ചു വരുന്ന സ്പര്‍ദ്ധ അകറ്റണം.

വര്‍ദ്ധിച്ചു വരുന്ന ഭീകരവാദവും ആവര്‍ത്തിക്കപ്പെടുന്ന വരള്‍ച്ചയും സ്ഥിരമായി അതിജീവിക്കാന്‍ പദ്ധതികള്‍ തയ്യാറാക്കണമെന്ന് ഡോ. കലാം ചൂണ്ടിക്കാട്ടി.

എല്ലാ മതങ്ങളുടെയും നന്മ ഉള്‍ക്കൊളളാന്‍ നാം തയ്യാറാകണം. സത്യത്തിനു വേണ്ടി നിര്‍ഭയമായ അന്വേഷണം നടത്താനും അക്രമരാഹിത്യവും സഹിഷ്ണുതയും ജീവിത വ്രതമായി സ്വീകരിക്കാനുമാണ് ഗാന്ധിജി നമ്മെ പഠിപ്പിച്ചത്.

ഇന്ത്യയുടെ സാംസ്ക്കാരിക പാരമ്പര്യത്തിന്റെ നാഴികക്കല്ലുകളാണ് അഹിംസയും അക്രമരാഹിത്യവും സര്‍വ മത സാഹോദര്യവുമെന്ന് ഡോ. കലാം ചൂണ്ടിക്കാട്ടി. ഈ സാംസ്ക്കാരിക മൂല്യങ്ങള്‍ക്ക് വിരുദ്ധമായി ആരെങ്കിലും എവിടെയെങ്കിലും എന്തെങ്കിലും ചെയ്യുന്നത് സ്വതന്ത്ര ഇന്ത്യയുടെ തായ്വേര് അറുത്തുകളയും. ആയിരക്കണക്കിന് ധീരന്മാര്‍ ജീവന്‍ നല്‍കി പണിതുയര്‍ത്തിയതാണ് സ്വതന്ത്ര ഇന്ത്യയെന്നും രാഷ്ട്രപതി ഓര്‍മ്മിപ്പിച്ചു.

സ്വാതന്ത്യ്രം നേടാന്‍ നമുക്കൊരു ലക്ഷ്യമുണ്ടായതു പോലെ രണ്ടാമതൊരു ലക്ഷ്യം കൂടി വേണം. ജനങ്ങളെ ആകെയുണര്‍ത്താന്‍ കഴിയുന്ന ഒരു ലക്ഷ്യം. ദാരിദ്യ്ര നിര്‍മ്മാര്‍ജനവും തൊഴിലില്ലായ്മയുടെ പരിഹാരവും നിരക്ഷരതാ നിര്‍മ്മാര്‍ജനവും രാജ്യത്തിന്റെ ലക്ഷ്യമാകണം. കോടിക്കണക്കിന് മനുഷ്യര്‍ ഏകമനസോടെ ഒരു ലക്ഷ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ വര്‍ദ്ധിത ശക്തിയോടെ ഇന്ത്യ ഉണരുമെന്ന് രാഷ്ട്രപതി പറഞ്ഞു.

നാനാത്വത്തിലെ ഏകത്വമാണ് നമ്മുടെ പാരമ്പര്യം. 3000 വര്‍ഷത്തെ നമ്മുടെ ചരിത്രം ഒട്ടേറെ ബഹുസ്വരതയുടെ സംഗമമാണ്. വൈവിദ്ധ്യമാര്‍ന്ന സംസ്ക്കാരങ്ങളെയും മതങ്ങളെയും ജീവിതരീതികളെയും ഏകോപിപ്പിക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ ജീവിതത്തിന്റെ അടിസ്ഥാനവും ഈ ബഹുസ്വരതയുടെ ഏകോപനമാണെന്ന് ഡോ. കലാം പറഞ്ഞു.

വരള്‍ച്ച ബാധിത പ്രദേശങ്ങളില്‍ വെളളമെത്തിക്കുക എന്നതാണ് അടിയന്തിരമായി ചെയ്തു തീര്‍ക്കേണ്ട കര്‍മ്മം. ഒരു കോണില്‍ വെളളപ്പൊക്കമുണ്ടാകുമ്പോള്‍ മറ്റേക്കോണില്‍ വരള്‍ച്ചയായിരിക്കും. ഇത് വിരോധാഭാസമാണ്. കൃഷിപ്പാടങ്ങളിലും ഗ്രാമങ്ങളിലും പട്ടണങ്ങളിലും വ്യവസായ ശാലകളിലും വര്‍ഷം മുഴുവന്‍ വെളളമെത്തിക്കാന്‍ നമുക്ക് പദ്ധതിയുണ്ടാകണമെന്ന് ഡോ. കലാം പറഞ്ഞു.

ഇന്ത്യയെ ചുറ്റിക്കിടക്കുന്ന കടല്‍ സമ്പത്ത് നാം വേണ്ട വിധം ഉപയോഗിക്കണം. ഉപ്പു കളഞ്ഞ് കടല്‍ ജലം കുടിവെളളമാക്കാനാകും. ചെലവ് കുറഞ്ഞ ഈ മാര്‍ഗത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ കഴിയണമെന്ന് രാഷ്ട്രപതി അഭിപ്രായപ്പെട്ടു.

ജനതയെ ഒരുമിപ്പിക്കുന്ന ഒരു രണ്ടാം ലക്ഷ്യം സാര്‍ത്ഥകമാകുമെന്ന ് ആത്മവിശ്വാസം പ്രകടിപ്പിച്ചുകൊണ്ടാണ് ഡോ. കലാം സ്വാതന്ത്യ്ര ദിന പ്രസംഗം ഉപസംഹരിച്ചത്. രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്ന സൈനികരോട് കലാം നന്ദി പ്രകടിപ്പിച്ചു. വ്യക്തിയ്ക്കും പാര്‍ട്ടിയ്ക്കും സംഘടനകള്‍ക്കും അതീതമാണ് രാജ്യമെന്ന പ്രതിജ്ഞയെടുക്കാന്‍ ഓരോ പൗരനും ഈ സ്വാതന്ത്യ്രദിനത്തില്‍ തയ്യാറാകാന്‍ ഡോ. കലാം ആഹ്വാനം ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+