ടൊറോയിഡ് കമ്പനി ശ്രീലങ്കയിലേയ്ക്ക്?
തിരുവനന്തപുരം : ബോണസ് തര്‍ക്കത്തെ തുടര്‍ന്ന് അടച്ചിട്ട ടെക്നോപാര്‍ക്കിലെ ടോറോയിഡ് കമ്പനി ശ്രീലങ്കയിലേയ്ക്ക് മാറ്റി സ്ഥാപിക്കാന്‍ മാനേജ്മെന്റ് ആലോചിക്കുന്നു.
പുറത്താക്കിയ രണ്ട് ജീവനക്കാരെ തിരിച്ചെടുക്കാതെ തങ്ങള്‍ ജോലിക്ക് കയറില്ലെന്ന് കമ്പനിയിലെ 62 ജീവനക്കാരും തീരുമാനിച്ചതോടെയാണ് കമ്പനി അടച്ചത്. അച്ചടക്ക നടപടിയുടെ കാലാവധി ആറുമാസമായി കുറയ്ക്കാമെന്നും അതു കഴിഞ്ഞാല്‍ ഇവരെ തിരിച്ചെടുക്കാമെന്നും കമ്പനി മാനേജ്മെന്റ് ടെക്നോപാര്‍ക്ക് സിഇഒ രാജീവ് വാസുദേവന് ഉറപ്പു നല്‍കിയിട്ടുണ്ട്. എന്നാല്‍ ജീവനക്കാര്‍ ഈ തീരുമാനം അംഗീകരിച്ചിട്ടില്ല.
ടൊറോയിഡ് ശ്രീലങ്കന്‍ ശാഖാ മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റോഫേഴ്സന്‍ തിരുവനന്തപുരത്തെത്തിയിട്ടുണ്ട്. പ്രശ്ന പരിഹാരത്തിന് സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം മധ്യസ്ഥം വഹിക്കുന്ന രാജീവ് വാസുദേവനുമായി അദ്ദേഹം ചര്‍ച്ച നടത്തി.
ശ്രീലങ്കയില്‍ കഴിഞ്ഞ 15 വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന കമ്പനിയ്ക്ക് ഒരു പ്രവൃത്തി ദിവസം പോലും നഷ്ടപ്പെട്ടിട്ടില്ലെന്ന് ടൊറോയിഡ് മാനേജിംഗ് ഡയറക്ടര്‍ കെ. ജെ. വെസ്റ്മാന്‍ ചൂണ്ടിക്കാട്ടുന്നു. ഇത്രയും പ്രവൃത്തി ദിനങ്ങള്‍ നഷ്ടപ്പെട്ടത് കമ്പനി ഗൗരവമായി കാണുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ടെക്നോപാര്‍ക്കിലുണ്ടായ സമരം വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയ്ക്ക് തലവേദനയായിരിക്കുകയാണ്. കൊച്ചി മറ്റൊരു ഐടി കേന്ദ്രമായി വികസിച്ചു വരുന്ന സാഹചര്യത്തില്‍ ടെക്നോപാര്‍ക്ക് സുഗമമായി പ്രവര്‍ത്തിക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
പ്രശ്നം ഗുരുതരമാക്കിയ ശേഷമാണ് എല്ലാവരും സര്‍ക്കാരിനെ സമീപിക്കുന്നത്. ഐടി രംഗത്ത് കേരളം മുന്നേറിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് ഇത്തരമൊരു സമരം മേഖലയെ ദോഷകരമായി ബാധിയ്ക്കുമെന്ന് കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.
സിഐടിയു നേതാക്കളായ കെ. ഓ. ഹബീബ്, പി. കെ. ഗുരുദാസന്‍ എന്നിവരും സമരക്കാരുമായി ചര്‍ച്ച നടത്തുന്നുണ്ട്. സമാധാനപരമായി നീങ്ങണമെന്ന് ഇവര്‍ ജീവനക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പിരിച്ചു വിട്ടവരെ തിരിച്ചെടുക്കാതെ ജോലിക്ക് കയറില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ജീവനക്കാര്‍. 20 ശതമാനം ബോണസ് ആവശ്യപ്പെട്ടു കൊണ്ട് ആരംഭിച്ച പ്രതിഷേധമാണ് ടൊറോയിഡില്‍ സമരം ക്ഷണിച്ചു വരുത്തിയത്.
1997ല്‍ പ്രവര്‍ത്തനം ആരംഭിച്ച കമ്പനിയ്ക്ക് നിയമപ്രകാരം ഇക്കൊല്ലം ബോണസ് നല്‍കാന്‍ ബാധ്യതയില്ലെന്ന് മാനേജ്മെന്റ് ചൂണ്ടിക്കാട്ടുന്നു. എന്നിട്ടും ബോണസ് നിയമമനുസരിച്ച് 8.33 ശതമാനം ബോണസ് നല്‍കാമെന്ന് സമ്മതിക്കുകയായിരുന്നു.
ഈ തുക വേണ്ടെന്നു പറഞ്ഞ് ജീവനക്കാര്‍ പ്രതിഷേധം ആരംഭിച്ചു. വ്യാഴാഴ്ച വൈകുന്നേരം രാത്രി ഷിഫ്റ്റിലെ മൂന്നു ജീവനക്കാര്‍ പ്രതിഷേധം പ്രകടിപ്പിക്കാന്‍ യൂണിഫോം ധരിക്കാതെയാണ് ജോലി ചെയ്തത്.
ഇതിനു പുറമെ കമ്പനിയ്ക്കെതിരെ പോസ്റര്‍ പ്രചരണവും ആരംഭിച്ചു. സമ്പത്തില്ലാത്ത കമ്പനിയ്ക്ക് ബോണസ് നല്‍കാന്‍ സംഭാവന കൊടുക്കണമെന്നാവശ്യപ്പെട്ടുളള പോസ്ററുകളാണ് പതിച്ചത്. ഇതാണ് കമ്പനിയെ പ്രകോപിപ്പിച്ചത്.
പ്രശ്നത്തില്‍ മുന്നു പേരോട് മാപ്പു പറയണമെന്ന് കമ്പനി ആവശ്യപ്പെട്ടെങ്കിലും രണ്ടു പേര്‍ വഴങ്ങിയില്ല. തുടര്‍ന്നാണ് വിജു, കിരണ്‍ എന്നീ ജീവനക്കാരെ പിരിച്ചു വിടാന്‍ തീരുമാനിച്ചത്. ഒരു കാരണവശാലും ഇവരെ തിരികെ പ്രവേശിപ്പിക്കില്ലെന്ന നിലപാടിലായിരുന്നു മാനേജ്മെന്റ്.












Click it and Unblock the Notifications