ഈ നീക്കം ഉന്നതരെ രക്ഷിക്കാന്‍ : വര്‍ഗീസ് തോമസ്
ആലപ്പുഴ : പ്രമുഖരെ രക്ഷിക്കാനാണ് സൂര്യനെല്ലിയിലെ പെണ്‍കുട്ടിയെ സിസ്റര്‍ അഭയക്കൊലക്കേസുമായി ബന്ധപ്പെടുത്തി സിബിഐ ചോദ്യം ചെയ്യുന്നതെന്ന് സിബിഐ മുന്‍ ഡിവൈഎസ്പി വര്‍ഗീസ് പി. തോമസ് ആരോപിച്ചു.
ഈ പെണ്‍കുട്ടിയ്ക്ക് സിസ്റര്‍ അഭയക്കേസുമായി ബന്ധമില്ലെന്ന് തനിക്കു ശേഷം കേസന്വേഷിച്ച സിബിഐ ഉദ്യോഗസ്ഥന്‍ സുരീന്ദര്‍ സിംഗ് കോടതിയെ അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സിസ്റര്‍ അഭയക്കേസ് ആദ്യം അന്വേഷിച്ച സിബിഐ ഉദ്യോഗസ്ഥനാണ് വര്‍ഗീസ് പി. തോമസ്. 12 ദിവസങ്ങള്‍ക്കു ശേഷം ഉന്നതതലങ്ങളില്‍ നിന്നുളള സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അന്വേഷണച്ചുമതല അദ്ദേഹത്തില്‍ നിന്നും മാറ്റി. ഈ തീരുമാനത്തില്‍ പ്രതിഷേധിച്ച് അദ്ദേഹം സിബിഐ ജോലി രാജിവച്ചു.
കേസന്വേഷണം തുടങ്ങി ഇത്രയും കാലം കഴിഞ്ഞ് പാലായിലെ ഒരു മനുഷ്യാവകാശ സംഘടനയ്ക്കും സൂര്യനെല്ലിക്കേസിലെ പ്രതിയായ മേരിയ്ക്കും ഇങ്ങനെയൊരു ദൈവവിളി ഉണ്ടായത് സംശയാസ്പദമാണെന്ന് വര്‍ഗീസ് പറഞ്ഞു. പലഘട്ടങ്ങളിലായി നടന്ന അന്വേഷണങ്ങള്‍ കേസിലെ തെളിവുകളെല്ലാം നശിപ്പിച്ചു കഴിഞ്ഞു. ഇനി ഇത്തരത്തിലൊരന്വേഷണം അപഹാസ്യമാണ്.
കേസില്‍ പെണ്‍കുട്ടിയെ പോളിഗ്രാഫ് ടെസ്റിന് വിധേയയാക്കാനുളള നീക്കം ഭരണഘടനാ വിരുദ്ധമാണ്. ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ് സിബിഐയുടെ പ്രവൃത്തി. തിരുവനന്തപുരത്ത് പോളിഗ്രാഫ് ടെസ്റിനുളള സൗകര്യം ഉണ്ടെന്നിരിക്കെ ടെസ്റ് നടത്തുന്നതിന് കുട്ടിയെ ദില്ലിയില്‍ കൊണ്ടുപോകാനുളള നീക്കവും സംശയമുണര്‍ത്തുന്നുണ്ടെന്ന് വര്‍ഗീസ് പി. തോമസ് പറഞ്ഞു.












Click it and Unblock the Notifications