പത്രപ്രവര്‍ത്തകര്‍ കെണിയില്‍ വീഴരുത് : മുഖ്യമന്ത്രി
കോട്ടയം: വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ സ്ഥാപിത താല്പര്യക്കാര്‍ ഒരുക്കുന്ന കെണിയില്‍ പത്രപ്രവര്‍ത്തകര്‍ വീണുപോകരുതെന്ന് മുഖ്യമന്ത്രിയുടെ വക ഉപദേശം. സ്ഥാപിത താല്പര്യങ്ങളുടെ അടിമകളാകാതെ നിഷ്പക്ഷരായി വാര്‍ത്താലേഖകര്‍ പ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി എ.കെ. ആന്റണി പറഞ്ഞു.
ആഗസ്ത് 17 ശനിയാഴ്ച മലയാള മനോരമ നവപത്രപ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്കാന്‍ ആരംഭിക്കുന്ന ജേര്‍ണലിസം ഇന്‍സ്റിട്യൂട്ടിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. വാര്‍ത്തകള്‍ കൃത്രിമമായി കെട്ടിച്ചമയ്ക്കുന്ന പ്രവണത കൂടിവരുന്ന കാലമാണിതെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.
ഒരു വാര്‍ത്ത വെളിച്ചം കാണുന്നതിന് മുമ്പ് അതിലെ വസ്തുതകള്‍ പരിശോധിച്ച് ഉറപ്പുവരുത്താനുള്ള ബാധ്യത പത്രപ്രവര്‍ത്തകര്‍ക്കുണ്ട്. സ്ഥാപിത താല്പര്യക്കാര്‍ അവരുടെ കെട്ടിച്ചമച്ച വാര്‍ത്തകള്‍ക്ക് പ്രചാരം കിട്ടാന്‍ പത്രപ്രവര്‍ത്തകരെ സമീപിക്കാന്‍ സാധ്യത കൂടുതലാണ്. പക്ഷെ അത്തരം ചതിക്കുഴികളില്‍ വീണുപോകരുത്. കേരളം ഉയിര്‍ത്തെഴുന്നേല്പിന്റെ പാതയിലാണ്. മാറുന്ന കാലത്തിനൊത്ത് കേരളത്തിന്റെ സമീപനങ്ങളിലും മാറ്റം വരുത്തണം.- ആന്റണി ചൂണ്ടിക്കാട്ടി.
പേനയ്ക്ക് വാളിനേക്കാള്‍ ശക്തിയുണ്ടെന്ന് ഓര്‍മ്മിക്കണമെന്നും അതേ സമയം നിര്‍ഭയരായി, നിഷ്പക്ഷരായി ജനങ്ങളെ സത്യമറിയിക്കാന്‍ ശ്രമിക്കണമെന്ന് കോണ്‍ഗ്രസ് എംപിയും പ്രമുഖ അഭിഭാഷകനുമായ കപില്‍ സിബില്‍ പറഞ്ഞു.
മലയാള മനോരമ ചീഫ് എഡിറ്റര്‍ കെ.എം. മാത്യു അധ്യക്ഷനായിരുന്നു.












Click it and Unblock the Notifications