ഗുജറാത്ത്: തീരുമാനം രാഷ്ട്രപതിയ്ക്ക് വിട്ടു
ദില്ലി: ഗുജറാത്തില്‍ തിരഞ്ഞെടുപ്പിനെ സംബന്ധിച്ച് കേന്ദ്രം രാഷ്ട്രപതിയുടെ ഉപദേശം തേടി. ഗുജറാത്തിലെ തിരഞ്ഞെടുപ്പ് മാറ്റിവച്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ആഗസ്ത് 18 ഞായറാഴ്ച ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗമാണ് ഈ തീരുമാനമെടുത്തത്.
ഇക്കാര്യത്തില്‍ ഇനി എന്ത് തീരുമാനമെടുക്കണമെന്നത് സംബന്ധിച്ച് കേന്ദ്രം രാഷ്ട്രപതിയുടെ ഉപദേശം ആരാഞ്ഞു. ഭരണഘടനയുടെ 143ാം വകുപ്പനുസരിച്ച് കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിന്മേല്‍ അഭിപ്രായം പറയാനാണ് കേന്ദ്രമന്ത്രിസഭായോഗം രാഷ്ട്രപതിയോട് അപേക്ഷിച്ചിരിക്കുന്നത്.
പ്രധാനമന്ത്രി വാജ്പേയിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഒരു മണിക്കൂര്‍ നീണ്ടു. യോഗം കഴിഞ്ഞ് പുറത്തുവന്നയുടന്‍ കേന്ദ്ര ഭക്ഷ്യമന്ത്രി ശരത് യാദവാണ് ഇക്കാര്യം വാര്‍ത്താലേഖകരെ അറിയിച്ചത്.
ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് ഉടനെ നടത്താനുള്ള അന്തരീക്ഷമല്ലെന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിപ്രായം വിവാദത്തിന് വഴിമരുന്നിട്ടിരിക്കുകയാണ്. ഉടനെ ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്ന ബിജെപിയുടെ മോഹങ്ങള്‍ക്കുള്ള തിരിച്ചടിയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ തീരുമാനം.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് ബിജെപി വക്താവ് അരുണ്‍ ജയ്റ്റ്ലി അഭിപ്രായപ്പെട്ടിരുന്നെങ്കിലും കേന്ദ്ര നിയമമന്ത്രി ജന കൃഷ്ണമൂര്‍ത്തി അതിനോട് യോജിപ്പ് പ്രകടിപ്പിച്ചില്ല. ഇതിനെ തുടര്‍ന്നാണ് ഗുജറാത്ത് പ്രശ്നം രാഷ്ട്രപതിയുടെ മുമ്പിലേക്ക് വച്ചു നീട്ടിയിരിക്കുന്നത്.












Click it and Unblock the Notifications