മണിച്ചന്റെ മാസപ്പടി : നേതാക്കള്‍ക്ക് നോട്ടീസ്
കൊച്ചി : കല്ലുവാതുക്കല്‍ വിഷമദ്യദുരന്തക്കേസിലെ മുഖ്യപ്രതി മണിച്ചന്റെ ഡയറിയില്‍ പേരുളള എട്ടു രാഷ്ട്രീയ നേതാക്കള്‍ക്ക് അന്വേഷണക്കമ്മിഷന്‍ നോട്ടീസയച്ചു.
എംഎല്‍എമാരായിരുന്ന ഭാര്‍ഗവി തങ്കപ്പന്‍, കടകംപളളി സുരേന്ദ്രന്‍, സിപിഎം മുന്‍ ജില്ലാ സെക്രട്ടറി എം. സത്യനേശന്‍, കെപിസിസി വൈസ് പ്രസിഡന്റ് എം. എ. ഷാനവാസ്, സിപിഎം നേതാക്കളായ പേരൂര്‍ക്കട സദാശിവന്‍, കോലിയക്കോട് കൃഷ്ണന്‍ നായര്‍, ഐഎന്‍ടിയുസി നേതാവ് എം. അജിത്, പുതാക്കല്‍ ശ്രീധരന്‍ എന്നിവര്‍ക്കാണ് ജസ്റിസ് മോഹന്‍ കുമാര്‍ കമ്മിഷന്‍ നോട്ടീസയച്ചത്. സെപ്തംബര്‍ നാലിനകം വിശദീകരണം നല്‍കാന്‍ ഇവരോടാവശ്യപ്പെട്ടു.
മണിച്ചനില്‍ നിന്നും മാസപ്പടി പറ്റിയ രാഷ്ട്രീയ നേതാക്കളുടെയും പൊലീസ്-എക്സൈസ്- റവന്യൂ ഉദ്യോഗസ്ഥരുടെയും പേരുകള്‍ വിജിലന്‍സ് കണ്ടെടുത്തിരുന്നു. മാസപ്പടി പട്ടികയില്‍ ഉള്‍പ്പെട്ട 27 ഉദ്യോഗസ്ഥരെ സസ്പെന്‍ഡു ചെയ്തെങ്കിലും രാഷ്ട്രീയ നേതാക്കളെ ഒഴിവാക്കിയാണ് കേസെടുത്തത്.
ഇതുസംബന്ധിച്ച് വിജിലന്‍സ് ഡയറക്ടര്‍ നല്‍കിയ വിശദീകരണം കമ്മിഷന്‍ തളളിക്കളഞ്ഞു. എംഎല്‍എമാരെയും മറ്റും കേസില്‍ നിന്നൊഴിവാക്കിയതു സംബന്ധിച്ച രേഖകള്‍ ഹാജരാക്കാത്തതിന് കമ്മിഷന്‍ വിജിലന്‍സ് ഡയറക്ടറെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.
എംഎല്‍എമാരെ കേസില്‍ നിന്നും ഒഴിവാക്കിയതിനെതിരെ കേരള മദ്യ നിരോധന സമിതി സെക്രട്ടറി ജയപ്രകാശ് കമ്മിഷന് പരാതി നല്‍കിയിരുന്നു. മാസപ്പടിപ്പട്ടികയില്‍ പേരുളള രാഷ്ട്രീയ നേതാക്കളില്‍ നിന്നും തെളിവെടുക്കണമെന്നും ഈ പരാതിയില്‍ ആവശ്യമുന്നയിച്ചിരുന്നു.












Click it and Unblock the Notifications