വ്യാജരേഖ സൃഷ്ടിച്ചത് മന്ത്രി തോമസെന്ന്
കൊച്ചി : തനിക്കെതിരെയുളള വിജിലന്‍സ് അന്വേഷണത്തില്‍ നിന്നും ശ്രദ്ധ തിരിച്ചു വിടാന്‍ മന്ത്രി കെ. വി. തോമസ് സ്വയം സൃഷ്ടിച്ചതാണ് വ്യാജ രേഖയെന്ന് കൊച്ചിയിലെ പ്രമുഖ വ്യവസായി എ. വിശ്വനാഥന്‍ നായര്‍ ആരോപിച്ചു.
പത്രക്കാരെയും ശോഭന ജോര്‍ജിനെയും ചോദ്യം ചെയ്യുന്നതിനു പകരം മന്ത്രി തോമസിന്റെ പേഴ്സണല്‍ സ്റാഫിലുളളവരെ ചോദ്യം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വ്യാജ രേഖയുടെ ഉറവിടം അതോടെ വെളിപ്പെടും.
വ്യാജ രേഖയുടെ സൃഷ്ടിയില്‍ പങ്കുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ വിശ്വനാഥന്‍ നായരുടെ വീടും ഓഫീസും ക്രൈംബ്രാഞ്ച് ശനിയാഴ്ച റെയ്ഡ് ചെയ്തിരുന്നു. രോഹിണി കൊപ്രാ പിണ്ണാക്ക് ഉല്‍പാദകരായ പെരുമ്പാവൂരിലെ അനന്ത് എക്സ്ട്രാക്ഷന്‍സ് ഉടമയാണ് വിശ്വനാഥന്‍ നായര്‍. കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പുമായി ഉറ്റ ബന്ധമുളള വ്യവസായ പ്രമുഖനാണ് ഇദ്ദേഹം.
രാഷ്ട്രീയ നിലനില്‍പ്പിനായി മുമ്പും വ്യാജരേഖ സൃഷ്ടിച്ച പാരമ്പര്യം കെ. വി. തോമസിനുണ്ട്. എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തില്‍ സെബാസ്റ്യന്‍ പോളും ലിനോ ജേക്കബും തമ്മില്‍ മത്സരിച്ചപ്പോള്‍ ലിനോ ജേക്കബിനെതിരെ കെ. വി. തോമസ് എഴുതിയ ഊമക്കത്തിന്റെ പകര്‍പ്പ് ഇപ്പോഴും തന്റെ കൈവശമുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി.
തോമസിനെതിരെ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട പരാതിയ്ക്കു പിന്നില്‍ താനാണെന്ന് അദ്ദേഹം വിശ്വസിക്കുന്നുണ്ട്. ഹര്‍ജിക്കാരോട് സംസാരിച്ച് കേസ് പിന്‍വലിപ്പിക്കാന്‍ ഇടനിലക്കാര്‍ വഴി അദ്ദേഹം പലപ്പോഴും സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. രാഷ്ട്രീയ നേതാക്കള്‍ മുതല്‍ ബിസിനസുകാര്‍ വരെയുളളവരെ തോമസ് ഇതിനായി ഉപയോഗപ്പെടുത്തി. ഫലിക്കാതെ വന്നപ്പോഴാണ് പുതിയ അടവുമായി ഇറങ്ങിയതെന്ന് വിശ്വനാഥന്‍ നായര്‍ ആരോപിച്ചു.
യഥാര്‍ത്ഥമെന്ന് തോന്നിപ്പിക്കുന്ന ഒരു രേഖയുണ്ടാക്കുകയും പിന്നീട് അത് വ്യാജമാണെന്ന് വരുത്തിത്തീര്‍ക്കുകയും ചെയ്താല്‍ തനിക്കത് നേട്ടമാകുമെന്നാണ് തോമസിന്റെ കണക്കൂകൂട്ടല്‍. ഇത് മനസിലാക്കാന്‍ വെറും എട്ടാം ക്ലാസുകാരന്റെ ബുദ്ധി മതി. വിജിലന്‍സ് കേസില്‍ നിന്നും പിന്മാറിയാല്‍ വ്യാജ രേഖക്കേസും പിന്‍വലിക്കാമെന്ന് ഇപ്പോഴും തോമസ് മാഷ് പറയുന്നുണ്ട്. തന്റെ രാഷ്ട്രീയ നേട്ടത്തിനൊപ്പം എതിരാളികളെ ഈ കേസില്‍ കുരുക്കി ഒതുക്കാമെന്നാണ് അദ്ദേഹത്തിന്റെ ഉളളിലിരുപ്പ്- വിശ്വനാഥന്‍ നായര്‍ പറയുന്നു.
പലരും പറയുന്നതു പോലെ താന്‍ ഐ ഗ്രൂപ്പിന്റെ ആളല്ലെന്ന് വിശ്വനാഥന്‍ നായര്‍ പറഞ്ഞു. ലീഡറുമായി തനിക്ക് ബന്ധമുണ്ട്. അച്ഛന്റെ കാലം മുതല്‍ക്കുളള ബന്ധമാണത്. മുരളിയോടും പത്മജയോടും ആ അടുപ്പം തുടരുന്നു.
തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ തോമസിനെതിരെ കേസ് കൊടുത്തവര്‍ ആവശ്യപ്പെട്ടാല്‍ എന്തു സഹായവും ചെയ്തു കൊടുക്കും. ഐ ഗ്രൂപ്പുകാരനാണെന്ന് പറഞ്ഞു നടക്കുന്ന തോമസ് മനസു കൊണ്ട് എക്കാരനാണ്. ശോഭനാ ജോര്‍ജിനെയും തനിനിറം ലേഖകനെയും തനിക്ക് പരിചയമില്ലെന്നും വിശ്വനാഥന്‍ നായര്‍ അറിയിച്ചു.












Click it and Unblock the Notifications