വ്യാജരേഖ: പൊലീസ് തലപ്പത്ത് ഭിന്നത
തിരുവനന്തപുരം: മന്ത്രി കെ.വി. തോമസിനെതിരായ വ്യാജരേഖക്കേസില്‍ പൊലീസ് തലപ്പത്തെ ഭിന്നത മറനീക്കി പുറത്തുവന്നു. ഡിജിപി കെ.ജെ. ജോസഫും അഡീഷണല്‍ ഡിജിപി എം.ജി.എ. രാമനും തമ്മിലാണ് ഇക്കാര്യത്തില്‍ ഇടയുന്നത്.
വ്യാജരേഖക്കേസില്‍ ശോഭന ജോര്‍ജ്ജ് എംഎല്‍എയ്ക്ക് പങ്കില്ലെന്ന് അഡീഷണല്‍ ഡിജിപി എം.ജി.എ. രാമന്‍ കഴിഞ്ഞദിവസം വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചതാണ് ഡിജിപിയെ ചൊടിപ്പിച്ചത്. അന്വേഷണത്തിലിരിക്കുന്ന ഒരു കേസില്‍ ആര് പ്രതിയാകില്ല എന്ന് അന്വേഷണച്ചുമതലയുള്ള ഉയര്‍ന്ന പൊലീസുദ്യോഗസ്ഥന്‍ പറയരുതെന്നാണ് ഡിജിപിയുടെ വാദം.
കേസന്വേഷിക്കുന്ന മേലുദ്യോഗസ്ഥന്‍ ഇങ്ങിനെ പറയരുത്. എന്നോട് നേരിട്ട് അദ്ദേഹം ഇങ്ങിനെ പറഞ്ഞിട്ടില്ല. മാധ്യമങ്ങള്‍ ചോദിച്ചപ്പോഴാണ് രാമന്‍ ഇങ്ങിനെ പറഞ്ഞത്. ഇത് തികച്ചും തെറ്റാണ്.- ഡിജിപി പറയുന്നു.
സൂര്യാടിവി റിപ്പോര്‍ട്ടര്‍ അനില്‍ നമ്പ്യാര്‍ ക്രൈംബ്രാഞ്ചിന് ശോഭനാ ജോര്‍ജ്ജിനെതിരെ മൊഴിയൊന്നും നല്കിയിട്ടില്ലെന്നും അഡീഷണല്‍ ഡിജിപി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ക്രൈംബ്രാഞ്ചിന് അനില്‍ നമ്പ്യാര്‍ നല്കിയ മൊഴിയില്‍ ശോഭനാ ജോര്‍ജ്ജിനെതിരെ വ്യക്തമായ പരാമര്‍ശമുണ്ട്. ഇതും പൊലീസ് വൃത്തങ്ങളില്‍ അമ്പരപ്പുയര്‍ത്തിയിട്ടുണ്ട്.
വ്യാജരേഖക്കേസില്‍ എം.ജി.എ. രാമന്‍ ശോഭനാ ജോര്‍ജ്ജിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതായി നേരത്തെ മാധ്യമങ്ങള്‍ ആരോപണം ഉയര്‍ത്തിയിരുന്നു. ഇക്കാര്യത്തില്‍ ഡിജിപി ജോസഫ് ശിക്ഷാനടപടി സ്വീകരിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്.
കേസന്വേഷണം ഇപ്പോള്‍ ഒരു വഴിത്തിരിവിലെത്തി നില്ക്കുകയാണ്. ഇപ്പോള്‍ ഈ കേസ് സംബന്ധിച്ച് പരസ്യപ്രസ്താവന നടത്തരുതെന്ന് കരുണാകരന്‍ ഐ ഗ്രൂപ്പിലുള്ളവരെ വിലക്കിയിട്ടുണ്ട്. ഇനി സര്‍ക്കാര്‍ ഈ കേസില്‍ കൈക്കൊള്ളുന്ന നിലപാട് അനുസരിച്ചായിരിക്കും ഐ ഗ്രൂപ്പിന്റെ ഭാവി പ്രതികരണം.












Click it and Unblock the Notifications