ഓണം കഴിയുമ്പോള്‍ ഖജനാവ് ഒഴിയും
തിരുവനന്തപുരം : ഈ ഓണക്കാലം കഴിയുമ്പോള്‍ കേരള സര്‍ക്കാരിനെ കാത്തിരിക്കുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ നാളുകള്‍.
രണ്ടു മാസത്തെ ശമ്പളവും ഉത്സവ ബത്തയും ഉദ്യോഗസ്ഥര്‍ക്ക് നല്‍കിക്കഴിയുമ്പോള്‍ ഖജനാവ് ഏതാണ്ട് ഒഴിയും. പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര വിഹിതം മുന്‍കൂര്‍ അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടേണ്ടി വരുമെന്ന് ധനമന്ത്രി ശങ്കരനാരായണന്‍ പറയുന്നു.
1400 കോടി രൂപയാണ് ശമ്പള-ഉത്സവ ബത്തയിനത്തില്‍ സര്‍ക്കാരിന് ചെലവായത്. കുടിശിഖയുളള ക്ഷാമബത്തയും പെന്‍ഷനും ക്ഷേമനിധിയും ഈ ഓണക്കാലത്ത് അനുവദിച്ചിട്ടുണ്ട്.
സംസ്ഥാനം വീണ്ടും ഓവര്‍ഡ്രാഫ്റ്റ് എടുക്കേണ്ടി വരുമെന്നാണ് ശങ്കരനാരായണന്‍ നല്‍കുന്ന സൂചന. എന്നാല്‍ റിസര്‍വ് ബാങ്കിന്റെ മേല്‍നോട്ടത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കടപ്പത്രങ്ങളുടെ അടിസ്ഥാനത്തില്‍ കടമെടുക്കാന്‍ അനുവാദമുണ്ട്. ഈ സൗകര്യം പ്രയോജനപ്പെടുത്തിയാല്‍ ഓവര്‍ഡ്രാഫ്റ്റ് ഒഴിവാക്കാനാകുമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഓണക്കാലത്ത് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കാനുണ്ടായിരുന്നതിനാല്‍ പ്രധാന ബില്ലുകള്‍ പോലും ഈ മാസം മാറാനുളള അനുമതി നല്‍കിയിട്ടില്ല. ഓണക്കാലം കഴിഞ്ഞും സ്ഥിതി മാറാന്‍ സാദ്ധ്യതയില്ല. ചുരുക്കത്തില്‍ കേന്ദ്രഗഡുക്കള്‍ കിട്ടിയില്ലെങ്കില്‍ വരും നാളുകളില്‍ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാകുമെന്നുറപ്പാണ്.












Click it and Unblock the Notifications