വിഎസിനെതിരെ മാനനഷ്ടക്കേസ്
ഹരിപ്പാട് : വിയ്യൂര്‍ ജയിലില്‍ സന്ദര്‍ശനത്തിനെത്തിയ സ്ത്രീയെ ജീവനക്കാര്‍ കൂട്ടബലാത്സംഗം ചെയ്തു എന്ന് ആരോപിച്ച പ്രതിപക്ഷ നേതാവ് മാനനഷ്ടക്കേസില്‍ കുടുങ്ങുന്നു.
ബലാത്സംഗം ചെയ്യപ്പെട്ടെന്ന് ആരോപിച്ച സ്ത്രീയും അവരുടെ ഭര്‍ത്താവുമാണ് വി. എസ്. അച്ചുതാനന്ദനെതിരെ മാനനഷ്ടക്കേസ് കൊടുക്കാന്‍ തീരുമാനിച്ചത്. ഇപ്പോള്‍ നാഗാലാന്റിലുളള ഇരുവരും അടുത്ത ദിവസം കരുവാറ്റയിലെ കുടുംബ വീട്ടിലെത്തും.
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുന്ന മകനെ കാണാന്‍ വന്ന നാഗാലാന്റുകാരിയെ ജയില്‍ ജീവനക്കാര്‍ കൂട്ട ബലാത്സംഗം ചെയ്തെന്നാണ് വി. എസ്. അച്യൂതാനന്ദന്‍ ആരോപിച്ചത്. എന്നാല്‍ നാഗാലാന്റില്‍ നിന്നും ഈ സ്ത്രീ മകനെ കാണാന്‍ ജയിലിലെത്തി എന്ന വാര്‍ത്ത ബന്ധുക്കള്‍ വിശ്വസിക്കുന്നില്ല. അഞ്ചു വര്‍ഷത്തിലധികമായി ബന്ധുക്കളുമായി യാതൊരു ബന്ധവുമില്ലാതെ കഴിയുകയാണ് ജയില്‍പുളളി.
ഒട്ടേറെ മോഷണക്കേസുകളില്‍ പ്രതിയായ ഇയാള്‍ ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും കടുത്ത തലവേദനയാണത്രേ. വീട്ടുകാരുമായി പിണങ്ങിപ്പിരിഞ്ഞ് എറണാകുളത്ത് ഒരു അനാഥമന്ദിരത്തിലാണ് ഇയാള്‍ താമസിച്ചിരുന്നത്. ഇവിടെ നിന്നും പുറത്തിറങ്ങി കരുവാറ്റ് കുന്നു തറയില്‍ രാജേഷിന്റെ വീട്ടില്‍ നിന്നും 70 പവനോളം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസിലാണ് ഇയാള്‍ പൊലീസ് പിടിയിലായത്. 1998ലായിരുന്നു ഈ സംഭവം.
ജയിലില്‍ കൂട്ട ബലാത്സംഗം നടന്നെന്ന വിഎസിന്റെ ആരോപണം തെറ്റാണെന്ന് പ്രഥമദൃഷ്ട്യാ തെളിഞ്ഞതായി ജയില്‍ സൂപ്രണ്ടും ഡിഐജിയും വ്യക്തമാക്കിയിരുന്നു. തങ്ങള്‍ക്കെതിരെ ഇത്തരത്തിലൊരോപണം ഉന്നയിച്ച വിഎസിനെതിരെ മാനനഷ്ടക്കേസ് കൊടുക്കാന്‍ അനുമതി തേടി ആരോപണ വിധേയരായ ജയില്‍ ജീവനക്കാരും ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചിട്ടുണ്ട്.












Click it and Unblock the Notifications