വൈദ്യുതി നിരക്ക് കൂട്ടും : കടവൂര്‍
തിരുവനന്തപുരം : വൈദ്യുതി നിരക്ക് രണ്ടു മുതല്‍ മൂന്നു രൂപ വരെ കൂട്ടേണ്ടി വരുമെന്നും തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും വൈദ്യുതി മന്ത്രി കടവൂര്‍ ശിവദാസന്‍ വ്യക്തമാക്കി.
ചൈനാ സന്ദര്‍ശനത്തിനു ശേഷം മടങ്ങിയെത്തിയ മന്ത്രി ഒരു സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് നിരക്കു വര്‍ദ്ധന ഉടന്‍ ഉണ്ടാകുമെന്ന് സൂചിപ്പിച്ചത്.
വ്യവസായങ്ങളില്‍ വൈദ്യുതി നിരക്ക് വര്‍ദ്ധന ഒഴിവാക്കാനാവില്ല. വ്യവസായങ്ങള്‍ക്ക് ഈ തോതില്‍ സബ്സിഡി തുടരാനുമാവില്ല. അത്ര സാമ്പത്തിക പ്രതിസന്ധിയിലാണ കെഎസ്ഇബി. ലോകത്തെവിടെയും വ്യവസായങ്ങള്‍ക്ക് ഇത്ര കുറഞ്ഞ നിരക്കില്‍ വൈദ്യുതി നല്‍കുന്നുണ്ടാവില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ഐടി വ്യവസായങ്ങള്‍ക്കു പോലും ഉയര്‍ന്ന സബ്സിഡി നിരക്കാണ് നല്‍കുന്നത്. എന്നിട്ടു പോലും ഇവിടെ കൂടുതല്‍ വ്യവസായ സ്ഥാപനങ്ങള്‍ കേരളത്തില്‍ ആരംഭിക്കുന്നില്ല. വ്യവസായ സ്ഥാപനങ്ങളെ ആകര്‍ഷിക്കുന്നത് കൂറഞ്ഞ നിരക്കിലെ വൈദ്യുതി നിരക്ക് മാത്രമല്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അതിനിടെ വൈദ്യുതി നിരക്ക് വര്‍ദ്ധന താങ്ങാന്‍ വ്യവസായങ്ങള്‍ക്ക് കഴിയില്ലെന്ന വാദം മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി വീണ്ടും ആവര്‍ത്തിച്ചു.
അടുത്ത മന്ത്രിസഭാ യോഗത്തിനു ശേഷം വൈദ്യുതി നിരക്ക് കൂട്ടിയേക്കുമെന്ന കടവൂര്‍ ശിവദാസന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വൈദ്യുതി ബോര്‍ഡിന്റെ പരിഷ്ക്കാരങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടത്. നിരക്കു വര്‍ദ്ധനയെക്കാള്‍ പ്രാധാന്യം നല്‍കേണ്ടത് അതിനാണ്. കുറഞ്ഞ നിരക്കിലെ വൈദ്യുതിയാണ് സംസ്ഥാനത്തെ വ്യവസായ മേഖലയുടെ ആകര്‍ഷണ ഘടകം. അത് ഇല്ലാതായാല്‍ കേരളം വ്യവസായങ്ങളുടെ ശവപ്പറമ്പാവുമെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.
വൈദ്യുതി നിരക്ക് വര്‍ദ്ധനയെച്ചൊല്ലി കടവൂര്‍ ശിവദാസനും കുഞ്ഞാലിക്കുട്ടിയും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കം ഇതുവരെ തീര്‍പ്പാക്കാനായിട്ടില്ലെന്നാണ് ഈ വാദങ്ങള്‍ തെളിയിക്കുന്നത്. ഈ വിഷയത്തില്‍ തീരുമാനമെടുക്കാന്‍ മൂന്നു തവണ പ്രത്യേക മന്ത്രിസഭാ യോഗം ചേര്‍ന്നിട്ടും തീരുമാനമെടുക്കാനാവാത്തത് മന്ത്രിസഭയില്‍ നിലനില്‍ക്കുന്ന രൂക്ഷമായ അഭിപ്രായ ഭിന്നത വെളിവാക്കുന്നു. പ്രധാന തീരുമാനങ്ങള്‍ പോലും കൈക്കൊളളാന്‍ സര്‍ക്കാരിനാവുന്നില്ലെന്ന കെ. കരുണാകരന്റെ വിമര്‍ശനം ഇവിടെയാണ് ശ്രദ്ധേയമാകുന്നത്.


Click it and Unblock the Notifications